

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഏകീകൃത വെള്ള നിറം മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 19ന് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബസുടമകളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, ഐ.ജി പി. പ്രകാശ്, സര്‍ക്കാര്‍ നോമിനി കെ. സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിച്ചത്.
2022-ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ള നിറം കര്‍ശനമാക്കിയത്. എന്നാല്‍, ഈ നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസുകള്‍ക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങള്‍ക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. ആയിരക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഉടമകളുടെ നിവേദനങ്ങള്‍ പരിഗണിച്ചാണ് നിറംമാറ്റം പുനഃപരിശോധിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
അതേസമയം, ബസുകളുടെ നിറത്തില്‍ ഇളവുകള്‍ അനുവദിച്ചാലും സുരക്ഷയുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ പരസ്യങ്ങളോ ബസുകള്‍ക്ക് പുറത്ത് പതിപ്പിക്കാന്‍ അനുവദിക്കില്ല. അനധികൃതമായി എല്‍.ഇ.ഡി ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍, ഹാലൊജന്‍ ലാമ്പുകള്‍ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. കൂടാതെ, സര്‍വീസുകളുടെ പ്രചാരണത്തിനായി വാഹനങ്ങളില്‍ പരസ്യം പതിപ്പിക്കുന്നതിനും പൂര്‍ണ വിലക്കുണ്ടാകും. 2019-ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്തും.