
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ നിലപാട് കടുപ്പിച്ച് വിസി മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാനും വാഹനം സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാനുമാണ് ചൊവ്വാഴ്ച വിസി നല്‍കിയിരിക്കുന്ന നിർദേശം. ഡോ. മിനി കാപ്പനും സെക്യൂരിറ്റി ഓഫീസർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്.
കാറിന്റെ താക്കോൽ ഡ്രൈവറിൽ നിന്നും വാങ്ങി സെക്യൂരിറ്റി ഓഫീസർ താൽക്കാലിക രജിസ്ട്രാർ ഡോ. മിനി കാപ്പനെ ഏൽപ്പിക്കുവാനും നിർദേശമുണ്ട്. എന്നാൽ സെക്യൂരിറ്റി ഓഫീസർ ഇത് സംബന്ധിച്ച് നിർദേശങ്ങൾ ഒന്നും നൽകിയിട്ടില്ല എന്നാണ് രജിസ്ട്രാറുടെ വാദം. വാഹനം താൻ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് കെ.എസ്. അനിൽകുമാർ വ്യക്തമാക്കി. ഇന്ന് തിരികെ വീട്ടിലേക്ക് പോയതും ഔദ്യോഗിക വാഹനത്തിൽ തന്നെയാണെന്നും അനില്‍കുമാർ പറഞ്ഞു.
രജിസ്ട്രാർ-വൈസ് ചാൻസലർ പോരിനെ തുടർന്ന് കേരള സർവകലാശാലയിലെ ഫയൽ നീക്കം വരെ പ്രതിസന്ധിയിലായ നിലയിലാണ്. ഡോ. മിനി കാപ്പന് ഇ-ഫയലിങ് ആക്സസ് നൽകണമെന്ന നിലപാടിലാണ് വൈസ് ചാൻസലർ. ജോയിൻ്റ് രജിസ്ട്രാറുമാർ അയച്ച ഫയലുകളും മോഹനൻ കുന്നുമ്മൽ മടക്കി അയച്ചു. മിനി കാപ്പൻ വഴി അയയ്‌ക്കാൻ നിർദേശിച്ചാണ് ഫയലുകൾ മടക്കിയത്. കെ.എസ്. അനിൽ കുമാറിനാണ് നിലവിൽ അഡ്മിൻ ആക്സസുള്ളത്. മിനി കാപ്പന് അഡ്മിൻ ആക്സസ് നൽകാൻ കഴിയാത്തതാണ് ഫയൽ നീക്കം പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞ ദിവസം, സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഓഫീസിലെത്തുന്നത് തടയണമെന്ന് വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും മോഹനന്‍ കുന്നുമ്മല്‍ തൃശ്ശൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് അറിയിച്ചിരുന്നു.