എറണാകുളം: നിർമാണ പ്രവൃത്തികൾ പൂർത്തിയായിട്ടും കൊച്ചിയിലെ തുരുത്തി ഫ്ളാറ്റുകളുടെ താക്കോൽ കൈമാറ്റം അനിശ്ചിതമായി നീളുന്നു. സാങ്കേതിക തടസങ്ങൾ പറഞ്ഞാണ് അർഹരായ കുടുംബങ്ങൾക്കുള്ള ഫ്ളാറ്റുകളുടെ താക്കോലുകൾ കൈമാറത്തത്. കൊച്ചി മേയർ അടക്കമുള്ളവരുമായി ഉടൻ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ പരിധിയിലെ കൽവത്തി, തുരുത്തി, കൊഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ കഴിയുന്ന 394 കുടുംബങ്ങൾക്കായാണ് കൊച്ചി കോർപറേഷൻ്റേയും, സിഎസ്എംഎല്ലിൻ്റെയും ഫണ്ടുകൾ ഉപയോഗിച്ച് തുരുത്തി ടവേഴ്സ് എന്ന പേരിൽ രണ്ട് ബഹുനില കെട്ടിടങ്ങൾ പണിതത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പുനരധിവാസ ഭവന പദ്ധതി എന്ന് കൊട്ടിഘോഷിച്ചായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് 8 മാസങ്ങൾ പിന്നിടുമ്പോഴും അർഹരായ ആർക്കും തന്നെ ഇതുവരെ ഫ്ലാറ്റുകൾ കൈമാറിയിട്ടില്ല.
വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും റിവ്യൂ മീറ്റിങ് വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. ഫ്ലാറ്റുകൾ ലഭിക്കാതായതോടെ അർഹതപ്പെട്ട കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളിലും നിലം പൊത്താറായ പഴയ കെട്ടിടങ്ങളിലും ഒക്കെയാണ് താമസം. പതിനൊന്നും പതിമൂന്നും നിലകളുള്ളതാണ് രണ്ട് ടവറുകൾ. 10796 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഒന്നാം ടവറിന് 41.74 കോടിയും രണ്ടാം ടവറിന് 44. 01 കോടിയുമാണ് നിർമാണത്തിനായി ചെലവായത്.