
മലപ്പുറം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെഎഫ്‍സി) വായ്പാ തട്ടിപ്പ് നടത്തിയതിന് നിലമ്പൂർ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വറിനെതിരെ വിജിലന്‍സ് കേസ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി.വി. അൻവർ 12 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
അന്‍വർ 2015ൽ എടുത്ത 12 കോടി രൂപ വായ്പ 22 കോടിയായെന്നും കെഎഫ്‌സിക്ക് ഭീമമായ നഷ്ടം വരുത്തിയെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തൽ. കേസിൽ നാലാം പ്രതിയാണ് അന്‍വർ. കെഎഫ്‌സി ഉദ്യോഗസ്ഥരും പ്രതി പട്ടികയിലുണ്ട്.
ഡിവൈഎസ്‌പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെ കെഎഫ്‍സി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ അന്‍വറും സിയാദ് എന്ന വ്യക്തിയും ചേർന്ന് മഞ്ചേരിയിലുള്ള ഒരു പാർക്കിന് വേണ്ടി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വായ്പ എടുത്തെന്നും അത് തിരിച്ചടയ്ക്കാതെ കെഎഫ്‌സിക്ക് വലിയ നഷ്ടം വരുത്തിയെന്നും കണ്ടെത്തി.
കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്തെ വിജിലന്‍സിന്റെ പ്രത്യേക സംഘം മലപ്പുറത്തുണ്ട്. ഇവർ വിവിധ ഇടങ്ങളിലായി രഹസ്യമായി പരിശോധന നടത്തിവരികയായിരുന്നു.