കെ.എം. ബഷീറിന്റെ മരണം: "കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ആണോയെന്ന് അറിയില്ല"; കൂറുമാറി ആറാം സാക്ഷി

അമിതവേഗതയിൽ വന്ന കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആണെന്നായിരുന്നു ഷഫീഖ് രഹസ്യമൊഴി നല്‍കിയിരുന്നത്.
കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
Published on
Updated on

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കൂറു മാറി ആറാം സാക്ഷി. ഓട്ടോ ഡ്രൈവറായ ഷഫീഖാണ് കൂറു മാറിയത്. കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആണോയെന്ന് അറിയില്ലെന്ന് ഷഫീഖ് കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് മൊഴി നല്‍കിയത്. കഴിഞ്ഞദിവസം, കേസില്‍ രണ്ടാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മണികണ്ഠന്‍ അപകടസ്ഥലത്ത് കണ്ടയാള്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

അമിതവേഗതയിൽ വന്ന കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആണെന്നായിരുന്നു ഷഫീഖ് മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിചാരണ കോടതിയില്‍ എത്തിയപ്പോള്‍ മൊഴി മാറ്റി. കാറോടിച്ചത് ആരാണെന്ന് താൻ കണ്ടില്ലെന്നും, അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോൾ രാമന്റെ പേര് പറഞ്ഞുകേട്ടെന്നും ആണ് ഷെഫീഖ് ഇന്ന് കോടതിയിൽ പറഞ്ഞത്. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് നിർണായക ദൃക്‌സാക്ഷിയായ ഷെഫീക്കിന്റെ കൂറു മാറ്റം.

കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
കെ.എം. ബഷീറിന്റെ മരണം: "കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ"; രഹസ്യ മൊഴിയിലുറച്ച് രണ്ടാം സാക്ഷി

അതേസമയം ഇന്നലെ കേസിലെ മറ്റൊരു സാക്ഷിയായ ഓട്ടോ ഡ്രൈവർ മണികണ്ഠൻ ശ്രീറാം വെങ്കരാമനെ കോടതിയിൽ തിരിച്ചറിഞ്ഞു. വെളളയമ്പലം ഭാ​ഗത്തുവച്ച് താടിവെച്ച ഒരാൾ അമിത വേ​ഗതയിൽ കാറില്‍ സഞ്ചരിക്കുന്നത് കണ്ടിരുന്നു. അമിത വേഗതയിലെത്തിയ കാര്‍ അപകടമുണ്ടാക്കിയെന്ന് അറിഞ്ഞാണ് അപകടസ്ഥലത്ത് എത്തിയത്. അപ്പോഴാണ് ആളെ മനസിലായത്. കൂടെയുണ്ടായിരുന്ന പെൺ സുഹൃത്ത് പേര് ‘വഫ’ എന്ന് പൊലീസിനോട് പറയുന്നത് കേട്ടതായുമാണ് മണികണ്ഠൻ മൊഴി നൽകിയിരിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെ മനപൂർവമല്ലാത്ത നരഹത്യ (304), തെളിവു നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുളളത്.

News Malayalam 24x7
newsmalayalam.com