

തിരുവനന്തപുരം: അദാനി- എംഎസ്‌സി ഇടപാട് വിഴിഞ്ഞത്തേക്ക് എത്തുന്ന പുതിയ വിദേശ നിക്ഷേപം അല്ലെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നടക്കാൻ പോകുന്നത് രണ്ട് കമ്പനികൾ തമ്മിലുള്ള ഓഹരി കൈമാറ്റം. ഓഹരി കൈമാറ്റത്തിലൂടെ അദാനിക്ക് ആണ് ലാഭം എന്നും കെ.എൻ. ബാലഗോപാൽ ഹലോ മലയാളം ലീഡേഴ്സ് മോർണിംഗിൽ പറഞ്ഞു.
വിഴിഞ്ഞത്ത് നിക്ഷേപമാണോ ഷെയർ ട്രേഡിങ്ങാണോ എന്ന് മനസിലാക്കണം. സർക്കാർ ഒരുകാര്യവും തുറന്ന് ചർച്ചചെയ്യാൻ തയ്യാറാവുന്നില്ലെന്ന് മുൻ ധനമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാചകകസർത്തിൽ മാത്രം കാര്യങ്ങൾ നടക്കില്ല. മുഖ്യമന്ത്രി ഇപ്പോഴും പ്രതിപക്ഷ നേതാവായി തന്നെയാണ് സംസാരിക്കുന്നതെന്നും കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി.
അതേസമയം മദ്യനികുതിയിൽ പദ്ധതി നടപ്പാക്കുന്നതിലെ ആശങ്കയാണ് പ്രതിപക്ഷം പങ്കുവെച്ചതെന്നും ബാലഗോപാൽ വ്യക്തമാക്കി. 10,000 കോടി രൂപയുടെ കച്ചവടമെങ്കിലും പുതിയതായി വരുന്ന കമ്പനിക്ക് കിട്ടും. മദ്യപിക്കാൻ ഒരു കൂട്ടം ആളുകളെ പ്രേരിപ്പിക്കുന്നു എന്നതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കിഫ്ബി നിർത്തലാക്കിയാൽ വലിയ പദ്ധതികൾ നടത്താൻ കഴിയില്ല.അത് നിർത്തലാക്കില്ല എന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുൻ ധനമന്ത്രി പറഞ്ഞു.