

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എസ്‌ടി, എസ്‌സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുക നൽകിയില്ലെന്ന ആരോപണം മുൻ ധനമന്ത്രി നിഷേധിച്ചു. മുഴുവൻ തുകയും നൽകിയിരുന്നു.
അഞ്ചുവർഷംകൊണ്ട് നൽകിയത് 5326 കോടി രൂപയാണ്. മാർച്ച് വരെയുള്ള സ്കോളർഷിപ്പ് ബില്ലുകൾ പാസാക്കിയതാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. 5326 കോടി രൂപ വിതരണം ചെയ്ത എൽഡിഎഫ് സർക്കാരിന് 377 കോടി രൂപ കൊടുക്കുന്നതിൽ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.
ബില്ലുകൾ മാറി നൽകുന്നതിന് പകരം കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫ് ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമെന്നും കെ.എൻ, ബാലഗോപാൽ കുറ്റപ്പെടുത്തി.
മുൻ സർക്കാരിൻ്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ഇന്നലെ വി.ഡി. സതീശൻ ആരോപിച്ചിരുന്നു. എസ്.സി/എസ്.ടി വിദ്യാർഥികളുടെ സ്കോളർഷിപ്പ് ഇനത്തിൽ 377 കോടി രൂപ കുടിശികയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് കെ.എൻ. ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
കെ.എൻ. ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനത്തിൽ 377 കോടി രൂപ നൽകാതെയാണ് എൽഡിഎഫ് സർക്കാർ ചുമതല ഒഴിഞ്ഞത് എന്നൊരു പ്രസ്താവന ഇന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുകയുണ്ടായി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പനത്തിൽ അഞ്ചുവർഷംകൊണ്ട് (2021-26) നൽകിയത് 5326 കോടി രൂപയാണ്. 2026 മാർച്ച് മാസം വരെ മുന്നിലെത്തിയ എസ് സി -എസ് ടി സ്കോളർഷിപ്പുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പാസാക്കിയിട്ടാണ് സർക്കാർ തെരഞ്ഞെടുപ്പിലേക്ക് പോയത്.
തുടർന്നുള്ള മാസങ്ങളിൽ സമർപ്പിക്കപ്പെട്ട ബില്ലുകളിലെ തുകയാകണം മേൽ പരാമർശിച്ച 377 കോടി രൂപ. 5326 കോടി രൂപ കൃത്യമായി വിതരണം ചെയ്ത എൽഡിഎഫ് സർക്കാരിന് 377 കോടി രൂപ കൊടുക്കുന്നതിൽ എന്താണ് തടസ്സം? അത് വളരെ കുറച്ചു മാസങ്ങളിലെ ബില്ലുകൾ ആകാനാണ് സാധ്യത. അത് ഉൾപ്പെടെ നൽകാനുള്ള പണം ഖജനാവിൽ അവശേഷിപ്പിച്ചാണ് സർക്കാർ ചുമതലയൊഴിഞ്ഞത്. അധികാരമേറ്റ ഉടനെ ആ ബില്ലുകൾ മാറി നൽകുന്നതിനു പകരം നിയമസഭയിൽ അതൊരു കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫ് കാർ ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമായാണ്.
ധവളപത്രത്തിലൂടെ കഴിഞ്ഞ ഒരു വർഷക്കാലം അന്നത്തെ പ്രതിപക്ഷ നേതാവും യുഡിഎഫും ഉന്നയിച്ച ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട സകല ആരോപണങ്ങളുടെയും അടിസ്ഥാനം പോലും തകർന്നു വീണിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുകമറ സൃഷ്ടിച്ച് തങ്ങൾക്കുണ്ടായ ജാള്യതയിൽ നിന്നും കരകയറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത്തരം കുതന്ത്രങ്ങളിൽ നിന്ന് അദ്ദേഹവും യുഡിഎഫും പിന്മാറണം.