

തിരുവനന്തപുരം: സംസ്ഥാനം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എജി റിപ്പോര്‍ട്ട്. ബജറ്റിന് പുറത്തുള്ള കടമെടുപ്പുകള്‍ കൂടി കടത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയാല്‍ ബാധ്യത ജിഎസ്ഡിപിയുടെ 38 ശതമാനത്തോളം വരും. ഈ സാമ്പത്തിക പ്രവണത കണക്കിലെടുത്താല്‍ ബുദ്ധിമുട്ട് കനത്തതാണെന്നാണ് സി ആന്‍ഡ് എജി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത്.
ബജറ്റിന് പുറത്തുള്ള കടമെടുപ്പുകള്‍ കൂടി കടത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയാല്‍ ജിഎസ്ഡിപിയുടെ 37.84 % ആകും. ഈ സാമ്പത്തിക പ്രവണത കണക്കിലെടുത്താല്‍ ബുദ്ധിമുട്ട് കനത്തതാണ്. റവന്യൂ ചെലവ് വര്‍ധിക്കുകയാണ്. 2019 -20 സാമ്പത്തിക വര്‍ഷം മുതല്‍ 2023 - 24 വരെ റവന്യൂ ചെലവ് കുത്തനെ ഉയര്‍ന്നുവെന്നുമാണ് സി ആന്‍ഡ് എജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആകെ ചെലവിന്റെ 5.18% മാത്രമാണ് മൂലധന ചെലവ്. കടമെടുത്ത പണം സാധാരണ ചെലവുകള്‍ക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. റവന്യൂ ചെലവിന്റെ ഗണ്യമായ ഭാഗം ശമ്പളം, വേതനം പെന്‍ഷന്‍ ഇനങ്ങളില്‍ ഇത്തരം ബാധ്യതപ്പെട്ട ചെലവുകള്‍ റവന്യു ചെലവിന്റെ 68% വരെ എത്തിയിട്ടുണ്ട്.
ശമ്പളം ഉള്‍പ്പെടയുള്ള ബാധ്യതപ്പെട്ട ചെലവുകളിലെ വര്‍ധന ശരാശരി 6.82% മാണ്. 46 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്തു. ഇത്തരം ഓഫ് ബജറ്റ് കടമെടുപ്പുകള്‍ സഞ്ചിത നിധിയില്‍ വരവ് വയ്ക്കപ്പെടുന്നില്ല. എന്നാല്‍ ഈ കടങ്ങള്‍ തിരിച്ചടയ്ക്കുന്നത് ബജറ്റ് മുഖാന്തരം ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സി ആന്‍ഡ് എജി റിപ്പോര്‍ട്ടിനോട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിയോജിപ്പ് രേഖപ്പെടുത്തി. ബജറ്റിന് പുറത്തുള്ള വായ്പ എടുപ്പ് നേരിട്ടുള്ള ബാധ്യതയായി കാണാനാകില്ലെന്നും കിഫ്ബി വായ്പ നേരിട്ടുള്ള ബാധ്യത ആകുന്നില്ലെന്നും ധനമന്ത്രി ചൂണ്ടികാട്ടി.
സാമൂഹ്യ സുരക്ഷാ കമ്പനി എടുക്കുന്ന വായ്പകള്‍ അതാതു വര്‍ഷം തന്നെ തിരിച്ചടയ്ക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ദാരിദ്ര്യം ഒരു ശതമാനത്തില്‍ താഴെനിര്‍ത്തിയത് ഈ പെന്‍ഷന്‍ പദ്ധതിയിലൂടെയാണെന്നും കെഎന്‍ ബാലഗോപാല്‍ വ്യക്താക്കി.