

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ഒരു പിടിവാശിക്കും സര്‍ക്കാര്‍ ഇല്ലെന്ന് ബജറ്റ് അവതരണ വേളയില്‍ ധനമന്തി കെ.എന്‍. ബാലഗോപാല്‍. കെ റെയില്‍ പദ്ധതി വരും കേട്ടോ എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
പക്ഷെ, പേരുമായോ സാങ്കേതിക വിദ്യയുമായോ സര്‍ക്കാരിന് യാതൊരു പിടിവാശിയുമില്ല. അക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം മുന്നോട്ടു വന്നാല്‍ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കെ റെയിലിനു പകരം അതിവേഗ റെയില്‍ പാതയ്ക്ക് മന്ത്രി സഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍.ആര്‍.ടി.എസ്) പദ്ധതി നടപ്പാക്കാനാണ് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്.
കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഇന്ത്യന്‍ റെയില്‍വെയുടെ സാങ്കേതിക തടസ്സങ്ങളും ജനങ്ങളുടെ എതിര്‍പ്പും കാരണം മുന്നോട്ടു പോകാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ എത്തിയത്. പേരും സാങ്കേതിക വിദ്യയും മാറ്റിയാലും അതിവേഗ റെയില്‍പാത എന്ന പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നാണ് ധനമന്ത്രിയും ഇന്ന് വ്യക്തമാക്കിയത്.
നാളിതുവരെയായിട്ടും കെ-റെയിലിനായി സംസ്ഥാനം സമര്‍പ്പിച്ച ഡി.പി.ആര്‍ ന് റെയില്‍വേയുടെ അനുമതി ലഭ്യച്ചിട്ടില്ല. ഡിപിആര്‍ അനുമതിക്കായി റെയില്‍വേ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന്റെ അതിവേഗ വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകുന്നതല്ല. റെയില്‍വേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കുവാനും കഴിയില്ല എന്ന സഹചര്യം കണക്കിലെടുത്താണ് പദ്ധതി ഉപേക്ഷിച്ചത്.