ഇവിടെ നിന്ന് ജയിച്ചു പോയ എംപിമാർക്ക് എത്ര കണ്ട് വിരോധമാണ് ! ജനങ്ങൾ ഈ മാരീചന്മാരെ തിരിച്ചറിയണം: കെ.എൻ. ബാലഗോപാൽ

കേരളത്തിലെ രണ്ട് യുഡിഎഫ് എംപിമാർ ഇന്ത്യൻ പാർലമെൻ്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
KN Balagopal
Published on
Updated on

തിരുവനന്തപുരം: കേരളത്തിൽ നിന്നും ജയിച്ച് പാർലമെൻ്റിലേക്ക് പോയ രണ്ട് യുഡിഎഫ് എംപിമാരെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. "സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക, നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക. കേരളത്തിലെ രണ്ട് യുഡിഎഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്", ഇങ്ങനെയാണ് മന്ത്രിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക. കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം. എൽഡിഎഫ് സർക്കാർ കേരളത്തിൽ അതി ദാരിദ്ര്യ വിമുക്ത പദ്ധതി നടപ്പിലാക്കിയതിനാൽ കേരളത്തിലെ AAY കാർഡുടമകൾക്കുള്ള ധാന്യ വിഹിതം വെട്ടിക്കുറയ്ക്കുമോ?

പ്രഖ്യാപനത്തെ തുടർന്ന് AAY കാർഡുകൾ റദ്ദാക്കുമോ? പ്രഖ്യാപനം വഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജൻസികൾ വഴി വായ്പ എടുക്കാനാവുമോ? അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയും അന്ത്യോദയ റേഷനും (AAY) തമ്മിൽ ബന്ധമില്ല എന്ന് കേന്ദ്ര സർക്കാർ മറുപടി നൽകിയതോടെ എംപി മാരുടെ കള്ളി പൊളിഞ്ഞു വീണു.

നിങ്ങൾ നോക്കൂ, കേരളത്തോട് എത്ര കണ്ട് വിരോധം ആണ് ഇവിടെ നിന്ന് ജയിച്ചു പോയ എംപിമാർക്ക് !! കേരളത്തിനു നൽകുന്ന ആനുകൂല്യങ്ങൾ നിങ്ങൾക്ക് വെട്ടിക്കുറച്ചു കൂടെ എന്ന് പരോക്ഷമായി കേന്ദ്രത്തെ ഉപദേശിക്കുകയായിരുന്നു ഇവർ.

KN Balagopal
"മനസാവാചാ അറിയാത്ത കാര്യങ്ങളിൽ പോലും കുപ്രചരണങ്ങൾ കേട്ട് തഴമ്പിച്ച ചെവികളാണ് എൻ്റേത്"; ഫേസ്ബുക്ക് പോസ്റ്റുമായി പി.കെ. ശ്രീമതി

കേന്ദ്രം എന്തെങ്കിലും അവ്യക്തമായ ഒരു മറുപടി നൽകിയിരുന്നെങ്കിൽ അതും പൊക്കിപ്പിടിച്ച് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി മൂലം പാവങ്ങളുടെ അരി പോയിരിക്കുന്നു എന്നൊരു പച്ചക്കള്ളവുമായി ഇവർ ഇറങ്ങുമായിരുന്നു. എന്ത് കള്ളത്തരം കാണിച്ചും, കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നതെല്ലാം തടഞ്ഞ് അത് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുക എന്ന ലക്ഷ്യമേ അവർക്കുള്ളൂ.

ഇടതുപക്ഷത്തോടുള്ള ഇവരുടെ വിരോധം മൂത്ത് മൂത്ത് ഇപ്പോൾ കേരളത്തോടുള്ള വിരോധമായി മാറിയിരിക്കുന്നു. ലോകം മുഴുവൻ അംഗീകരിച്ച അതിദാരിദ്ര്യ വിമുക്ത പദ്ധതിയുടെ വിജയത്തിൽ ഇവർക്കുള്ള അസഹിഷ്ണുത തീർക്കാൻ കാണിച്ച ഈ കുതന്ത്രം മലയാളികളോടുള്ള ഒന്നാന്തരം വെല്ലുവിളിയാണ്. ജനങ്ങൾ ഈ മാരീചന്മാരെ തിരിച്ചറിയണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com