മറ്റൊരു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ശ്രദ്ധേയമാകുന്നത് കൊച്ചി കോർപ്പറേഷനിലെ പോരാട്ടമാണ്. ഇഞ്ചോടിഞ്ച് തീ പാറുന്ന പോരാട്ടങ്ങളാണ് കഴിഞ്ഞ ഇലക്ഷനുകളിൽ എല്ലാം കൊച്ചിയിൽ കണ്ടത്. ബിജെപിയും തങ്ങളുടെ കരുത്ത് അറിയിച്ചതോടെ ഓരോ വോട്ടുകളും കൊച്ചിയിൽ നിർണായകമായി മാറുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. കൂടാതെ വിമതരായ നാല് പേരും എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഞ്ച് പേരും വിജയിച്ചു. ബിജെപിയുടെ നിലപാട് ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായിരുന്നു. ഇടതുമുന്നണിയെയോ, യുഡിഎഫിനെയോ പരസ്യമായി ഒരു ഘട്ടത്തിലും ബിജെപി പിന്തുണച്ചില്ല. വിമതരുടെ സഹായത്തോടെയാണ് പല ഘട്ടങ്ങളിലും എൽഡിഎഫ് അട്ടിമറികൾ അതിജീവച്ചത്. യുഡിഎഫ് സീറ്റ് നൽകാത്തത് കൊണ്ട്, വിമതരായി മത്സരിച്ച നാല് പേരുണ്ടായിരുന്നു. അവരാണ് പിന്നീട് കൊച്ചി ആര് ഭരിക്കണമെന്ന് തീരുമാനിച്ചത്. ആ നാലു പേരെയും ഈ ഘട്ടം വരെ കൂടെ നിർത്താൻ കഴിഞ്ഞതാണ് ഇടത് മുന്നണിയുടെ വിജയവും.
ഭരണത്തിൻ്റെ ആദ്യഘട്ടത്തിൽ തങ്ങളുടെ 34 കൗൺസിലർമാരെ കൂടാതെ മുസ്ലീം ലീഗ് വിമതൻ ടി.കെ. അഷറഫ് ഉൾപ്പെടെ രണ്ട് സ്വതന്ത്രരുടെ പിന്തുണയും ഇടത് മുന്നണിക്ക് ലഭിച്ചു. യുഡിഎഫിന് 31 കൗൺസിലർമാരുണ്ട്, ഒരു സ്വതന്ത്രൻ അവരെ പിന്തുണച്ചു. പിന്നീട് മുണ്ടംവേലി ഡിവിഷൻ കൗൺസിലർ മേരി കലിസ്റ്റ പ്രകാശൻ യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ചു. ഇവർ എൽഡിഎഫിന് ഒപ്പം നിന്നതോടെ 38പേരുടെ പിന്തുണയാണ് എല്‍ഡിഎഫിന് ഇപ്പോഴുള്ളത്.
1978 മുതൽ 32 വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് 2010ലെ തെരഞ്ഞെടുപ്പിലാണ് പരാജയപ്പെടുന്നത്. തുടർന്ന്, ടോണി ചമ്മണിയും കോൺഗ്രസിലെ ബി. ഭദ്രയും യഥാക്രമം മേയറായും ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ യുഡിഎഫ് കോർപ്പറേഷൻ ഭരണം നിലനിർത്തി, കോൺഗ്രസിലെ സൗമിനി ജെയിൻ മേയറായി. എന്നാൽ 2020ൽ എൽഡിഎഫ് ഭരണത്തിലെത്തി. ഇത്തവണ ഭരണം തിരികെ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേരിട്ട ഏറ്റവും വലിയ തിരിച്ചടി മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാലിന്റെ തോൽവിയാണ്. ഒരു വോട്ടിനാണ് ബിജെപി അവിടെ വിജയിച്ചതെങ്കിലും യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡിലെ തോൽവി ഞെട്ടിക്കുന്നതായിരുന്നു. അഞ്ച് സീറ്റുള്ള ബിജെപിക്ക് അത് രണ്ടിരട്ടിയാക്കി വർധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 40.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2015 നേക്കാൾ 2.8 ശതമാനം വർധന. യുഡിഎഫിന് 37.9 ശതമാനം വോട്ടുകൾ ലഭിച്ചു. മുൻ തെരഞ്ഞെടുപ്പിനേക്കാൾ 0.7 ശതമാനത്തിന്റെ നേരിയ വർധനയുണ്ടായി. 15 ശതമാനം വോട്ടുകൾ പിടിച്ച് ബിജെപിയും കരുത്ത് തെളിയിച്ചു. 1.7 ശതമാനം വോട്ടുകളാണ് ബിജെപിക്ക് അധികമായി കിട്ടിയത്. ഇത്തവണ കൊച്ചി കോർപ്പറേഷനിൽ രണ്ട് ഡിവിഷനുകൾ കൂടി വർധിപ്പിച്ചതോടേ ആകെ ഡിവിഷനുകളുടെ എണ്ണം 76 ആയി ഉയർന്നിടുണ്ട്.