പത്തനംതിട്ട: യുഡിഎഫിൻ്റെ വിശ്വാസ സംരക്ഷണ സംഗമത്തിൽ സിപിഐഎം നേതാവ് ജി. സുധാകരനെ പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ്. ജി. സുധാകരൻ ദേവസ്വം മന്ത്രിയായിരുന്നെന്നും എന്നാൽ അദ്ദേഹം അഴിമതിക്ക് കൂട്ടുനിൽക്കുന്ന ആളല്ലെന്നുമായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ പുകഴ്ത്തൽ. ജി. സുധാകരൻ മന്ത്രി ആയിരുന്നപ്പോൾ ശബരിമലയിൽ പേരുദോഷം കേൾക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തെപ്പറ്റി ഒരു പരാതി പോലും ഉണ്ടായിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് വിശ്വാസ സംഗമത്തിൽ വി.ഡി. സതീശൻ ഉന്നയിച്ചത്. 2019 മുതൽ ശബരിമലയിലെ മോഷണം അറിഞ്ഞിട്ടും സർക്കാർ മറച്ചുവച്ചു. ആരാണ് സ്വർണം കട്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. മുഖ്യമന്ത്രി അത് ജനങ്ങളോട് പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഒറിജിനൽ ദ്വാരപാലക ശിൽപ്പം വലിയ തുകയ്ക്ക് വിറ്റു. ഏത് കോടീശ്വരനാണ് വിറ്റതെന്ന് കോടതി ചോദിച്ചു. 2019ൽ പൂശിയ സ്വർണം വീണ്ടും ആറ് കൊല്ലത്തിന് ശേഷം എന്തിന് വീണ്ടും സ്വർണം പൂശാൻ ശ്രമിച്ചെന്നും ശബരിമലയിൽ വച്ച് സ്വർണം പൂശിയാൽ പോര പോറ്റിക്ക് കൊടുത്ത് വിടണം എന്ന് പി.എസ്. പ്രശാന്ത് കത്ത് നൽകിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.