കൊല്ലം: വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡനത്തിന് ഇരയാക്കിയതിൽ കേസെടുത്ത് തെന്മല പൊലീസ്. ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്. 72 കാരിയുടെ പരാതിയിലാണ് നടപടി. കേസിൽ സ്ഥാപന നടത്തിപ്പുകാരൻ അഞ്ചൽ സ്വദേശി ബ്രഹ്മദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പലതവണ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മർദിച്ചെന്നും 72 കാരിയുടെ മൊഴിയിൽ പറയുന്നു.
പൊലീസ് കേസെടുത്തതിന് പിന്നാലെ വയോജന കമ്മീഷൻ സ്ഥാപനത്തിൽ സന്ദർശനം നടത്തി. സ്ഥാപനത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയെന്നും പരാതികൾ പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
പുനലൂരിൽ പ്രവർത്തിക്കുന്ന പുനർജനി അഭയകേന്ദ്രമെന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഭയകേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയ അന്തേവാസികളായ സ്ത്രീകൾ തങ്ങൾ മാനസികമായും ശാരീരികമായും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അതിക്രമത്തിന് ഇരയായവരുടെ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.