കൊല്ലം: കൊട്ടിയത്ത് ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തിയ യുവാവ് മുക്കുപണ്ടം പകരം വെച്ച് സ്വർണമോതിരം മോഷ്ടിച്ചു കടന്നു. കൊട്ടിയത്തെ ശ്രീകൃഷ്ണ ജ്വല്ലറിയിലായിരുന്നു മോഷണം. മോഷണത്തിൻ്റെ സിസിടിവി ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു.
ശ്രീകൃഷ്ണ ജ്വല്ലറിയിലെത്തിയ യുവാവ് സ്വർണമോതിരം വാങ്ങാനാണെന്നും മോഡലുകൾ കാണണമെന്നും ആവശ്യപ്പെട്ടു. വിവിധ ഡിസൈനുകളിലെ മോതിരങ്ങൾ ജീവനക്കാർ ഇയാളുടെ മുൻപിൽ നിരത്തിയപ്പോഴാണ് മോഷണം നടന്നത്. മുക്കുപണ്ടം പകരം വെച്ച് ഇയാൾ സ്വർണമോതിരം മോഷ്ടിക്കുകയായിരുന്നു. പിന്നാലെ ഡിസൈനുകൾ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ് ഇയാൾ കടയിൽ നിന്ന് പോയി.
ഇയാൾ പോയതിന് ശേഷം സെയിൽസ്മാൻ ബോക്സ് തിരികെ അലമാരയിൽ വയ്ക്കുന്നതിനിടെയാണ് മുക്കുപണ്ടം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകി.