കൊല്ലം: തേവലക്കരയിൽ സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. വിളന്തറയിലെ വീട്ടിൽ മൃതദേഹം എത്തിയപ്പോൾ മിഥുൻ കളിച്ചുവളർന്ന വീട് കണ്ണീർക്കടലായി. വൻ ജനാവലിയാണ് മിഥുനെ അവസാനമായി കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൈകീട്ട് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
തേവലക്കരയിലെ സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മിഥുനെ അവസാന നോക്ക് കാണാനായി സ്കൂളിൽ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരുമൊക്കെ അവിടെയെത്തി.
തുർക്കിയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 9.30ഓടെ എത്തിച്ചേർന്ന മിഥുന്റെ അമ്മ സുജ തേവലക്കരയിലേക്കുള്ള യാത്രയിലാണ്. ഹൃദയഭേദക നിമിഷങ്ങൾക്കാണ് നെടുമ്പാശേരി വിമാനത്താവളം ഇന്ന് സാക്ഷിയായത്. പുറത്തിറങ്ങിയ സുജ ഇളയ മകനെ ചേര്‍ത്തു നിര്‍ത്തി പൊട്ടിക്കരഞ്ഞു.
അതേസമയം, സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മിഥുന് ജീവനുണ്ടായിരുന്നുവെന്നും അധ്യാപകൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ്, തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി. ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.