കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യ ശേഖർ നേരിട്ട ക്രൂരപീഡനങ്ങളുടെ കൂടുതൽ തെളിവുകൾ ന്യൂസ് മലയാളത്തിന്. അതുല്യ സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഭർത്താവ് തന്നെ ചവിട്ടിക്കൂട്ടിയെന്ന് യുവതി സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലെന്നും അതുല്യ സന്ദേശത്തിൽ പറയുന്നു.
"ഫോണിൽ അമ്മയുമായി സംസാരിച്ചതിന് ഉറങ്ങാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് ചവിട്ടി കൂട്ടി. പുതപ്പ് മൂടിയാണ് അമ്മയുമായി ഫോണിൽ സംസാരിച്ചത്. അതിന് ഉറങ്ങാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞ് ചവിട്ടി കൂട്ടി. എനിക്ക് വയ്യ. വയറിനെല്ലാം ചവിട്ടി. ഇത്രയൊക്കെ കാണിച്ചിട്ടും അയാളുടെ കൂടെ ഓരേ റൂമിൽ കഴിയേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല," ഇത്തരത്തിൽ അതുല്യ സതീഷ് സുഹൃത്തിനയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംസാരിക്കുമ്പോൾ അതുല്യ കരയുന്നതും ഓഡിയോയിൽ കേൾക്കാം. ഇതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന് കൈമാറി.
അതുല്യ ശേഖറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെതിരെ ആരോപണവുമായി പിതാവ് രാജശേഖരൻ പിള്ള രംഗത്തെത്തിയിരുന്നു. മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും കുഞ്ഞിനുവേണ്ടിയാണ് ജീവിച്ചതെന്നും അതുല്യയുടെ പിതാവ് പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച രാജശേഖരന്‍ പിള്ള മകളുടെ ഭർത്താവ് സതീഷ് മദ്യപാനിയായിരുന്നു എന്നും അക്രമാസക്തനായിരുന്നെന്നും പറയുന്നു. മകൾ എല്ലാം സഹിക്കുകയായിരുന്നുവെന്നും രാജശേഖരന്‍ കൂട്ടിച്ചേർത്തു.
സതീഷ് മർദിക്കുന്നതിന്റെയും ശരീരത്തിലേറ്റ മുറിവുകളുടെയും ദൃശ്യങ്ങള്‍ അതുല്യ സഹോദരിക്ക് അയച്ചു നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കേസെടുത്തിട്ടുണ്ട്.
ഒരു വര്‍ഷമായി അതുല്യയും ഭർത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. ഇന്നലെ രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.
ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക (10) അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണുള്ളത്. അതുല്യയുടെ ഏക സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുവരും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)