കൊല്ലം: ഷാർജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖർ അനുഭവിച്ചത് ഭർത്താവിൻ്റെ ക്രൂരമർദനമെന്ന് സൂചന. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. അതുല്യയുടെ പതിനെട്ടാം വയസിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്‌നങ്ങളായിരുന്നുവെന്നാണ് പുറത്തുവരുന്നത്. പലപ്പോഴും വഴക്കിന് ശേഷം സതീശ് മാപ്പ് പറഞ്ഞ് പ്രശ്‌നങ്ങള്‍ ഒതുക്കി തീർക്കുകയായിരുന്നു. പലപ്പോഴും ബന്ധമൊഴിയാന്‍ പറഞ്ഞിരുന്നുവെങ്കിലും ഭർത്താവ് മാപ്പ് പറയുന്നതോടെ അതുല്യ അയാളോടൊപ്പം പോവുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളും, ബന്ധുക്കളും പറയുന്നത്.
ഭർത്താവ് സതീശ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും, മർദിക്കാറുണ്ടെന്നും അതുല്യ ബന്ധുക്കളോട് പരാതി പറഞ്ഞിരുന്നു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങളടക്കം അതുല്യ സഹോദരിക്ക് അയച്ചു നൽകിയിരുന്നു. ശരീരത്തിലേറ്റ മുറിവുകളുടെയും, സതീശ് ആക്രമിക്കുന്നതിൻ്റേതടക്കമുള്ള ദൃശ്യങ്ങളുമാണ് യുവതി അയച്ചു നൽകിയത്.
ഒരു വര്‍ഷമായി അതുല്യയും ഭർത്താവ് സതീശും ഷാര്‍ജയിലയിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. ഇന്നലെ രാത്രിയുണ്ടായ വഴക്കിന് ശേഷം സതീശ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ അതുല്യയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീശ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണുള്ളത്. അതുല്യയുടെ ഏക സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുവരും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)