
കൊല്ലം: തേവലക്കര ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് നടപടി.
കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയായ എസ്. സുജയുടെ ഭാഗത്തതു നിന്ന് വീഴ്ച സംഭവിച്ചതായി ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് അച്ചടക്ക നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂളിലെ മുതിര്‍ന്ന അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല.
കഴിഞ്ഞ ദിവസമാണ് തേവലക്കര ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി. ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ സ്‌കൂളിന് ഗുരുതര വീഴ്ച പറ്റിയതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷ പ്രോട്ടോകോള്‍ പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമ റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.