
കൊല്ലം: തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഹൈസ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നതായി കണ്ടെത്തല്‍. മൈനാഗപള്ളി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറാണ് സർട്ടിഫിക്കറ്റ് നല്‍കിയത്. കെട്ടിടത്തിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഏതെങ്കിലും ഭാഗങ്ങളോ നിർമ്മിതികളോ ഇല്ലെന്നും അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തിയിട്ടുണ്ടെന്നുമാണ് സർട്ടിഫിക്കറ്റില്‍ പറയുന്നത്.
തേവലക്കര ഹൈസ്കൂളിന് 60 വർഷം പഴക്കമുണ്ട്. മുന്‍ എംപി സോമപ്രസാദിന്റെ ഫണ്ടില്‍ നിന്നും നിർമിച്ച പ്രധാന കെട്ടിടം മാത്രമാണ് പുതിയതായുള്ളത്. 100 വർഷം പഴക്കമുള്ള കെട്ടിടമാണ് സ്കൂളിന് മുന്‍വശത്തുള്ളത്. 68 വർഷം പഴക്കമുള്ള കെട്ടിടം പുറക് വശത്തുമുണ്ട്. കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാകുമ്പോഴാണ് ഇത്തരത്തില്‍ ഒരു സർട്ടിഫിക്കറ്റ് കെട്ടിടത്തിന് ലഭിച്ചതായുള്ള കണ്ടെത്തല്‍.
കഴിഞ്ഞ ദിവസമാണ്, തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. ഇരുമ്പ് ഷീറ്റിട്ട ഷെഡിന് മുകളിലാണ് ചെരുപ്പ് വീണത്. ഇത് എടുക്കാന്‍ വേണ്ടി മുകളിലേക്ക് കയറി. ഷീറ്റിനു മുകളില്‍ ബെഞ്ചിട്ടു. അതിനിടെ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോള്‍ തൊട്ടടുത്ത വീട്ടിലേക്ക് പോകുന്ന വൈദ്യുതി ലൈനില്‍ കൈ തട്ടുകയായിരുന്നു. ഷോക്കേറ്റത് കണ്ട് ഓടിയെത്തിയ അധ്യാപകര്‍ ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷം, മിഥുനെ താഴെയിറക്കി. ഉടന്‍ തന്നെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ സ്കൂളിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട്. സുരക്ഷ പ്രോട്ടോകോൾ പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയിട്ടുണ്ട് .സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ അത് ചെയ്യുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.