ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ ജയിലില്‍ തുടരും; 14 ദിവസത്തേക്ക് റിമാന്‍ഡ് നീട്ടി കോടതി

റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം
ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ ജയിലില്‍ തുടരും; 14 ദിവസത്തേക്ക് റിമാന്‍ഡ് നീട്ടി കോടതി
Published on
Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം. നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.

കേസിൽ എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പത്മകുമാർ പാളികൾ കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ദേവസ്വം മിനുട്‌സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണ്. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി 'അനുവദിക്കുന്നു' എന്നും മിനുട്‌സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിൻ്റെ വാദം തെറ്റാണെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ ജയിലില്‍ തുടരും; 14 ദിവസത്തേക്ക് റിമാന്‍ഡ് നീട്ടി കോടതി
ശബരിമല സ്വർണക്കൊള്ള: വീണ്ടും പി.എസ്. പ്രശാന്തിൻ്റെ മൊഴിയെടുത്ത് എസ്ഐടി; കണ്ഠരര് രാജീവരുടെ കയ്യെഴുത്തും പരിശോധിക്കും

അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തിന്റെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞവർഷം ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപ്പങ്ങൾ കൊടുത്തു വിട്ടതുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ വിശദീകരണം തേടിയത്. ദേവസ്വം പ്രസിഡൻ്റായി ചുമതല ഏറ്റെടുത്തയുടൻ ദ്വാരപാലക ശിൽപ്പങ്ങൾ അറ്റകുറ്റപ്പണികൾക്കായി നൽകിയത് എന്തിന് എന്ന ചോദ്യമാണ് പ്രശാന്തിനോട് പ്രധാനമായും ചോദിച്ചത്. ഇക്കാര്യത്തിൽ അസാധാരണമായ തിടുക്കം ഉണ്ടായിരുന്നോ എന്ന സംശയം നേരത്തെ ഹൈക്കോടതിയും ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് ദ്വാരപാലക ശില്പങ്ങൾ പോറ്റിക്ക് കൊടുത്തുവിട്ടതെന്നാണ് പ്രശാന്തിന്റെ വിശദീകരണം. എന്നാൽ പാളികൾ ഇളക്കുന്ന കാര്യം സ്പെഷ്യൽ കമ്മീഷണറെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നും ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി. പ്രശാന്തിനെ കൂടാതെ ദേവസ്വം ബോർഡ് മുൻ അംഗം അജികുമാറിന്റെ മൊഴിയും കഴിഞ്ഞയാഴ്ച എസ് ഐ ടി രേഖപ്പെടുത്തിയിരുന്നു.

അതിനിടെ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരുടെ കൈപ്പട പരിശോധിക്കാനുള്ള നീക്കവും പ്രത്യേക സംഘം ആരംഭിച്ചു. ഇതിനായി കൊല്ലം വിജിലൻസ് കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകി. ദ്വാരപാലക പാളികൾ പോറ്റിക്ക് കൊടുത്തുവിടാൻ അനുജ്ഞ നൽകിയതിലാണ് പരിശോധന. തന്ത്രി സ്വന്തം കൈപ്പടയിലാണ് ഇക്കാര്യം എഴുതി നൽകിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അനുമതി ലഭിച്ചാലുടൻ സാമ്പിൾ ശേഖരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി. അതേസമയം സ്വർണക്കൊള്ള കേസിൽ നിയമസഭയ്ക്ക് പുറത്തും പ്രതിഷേധം ശക്തമാക്കിയ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കലക്ടറേറ്റുകളിലേക്ക് ഡിസിസികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ വിവിധയിടങ്ങളിൽ നേരിയ സംഘർഷമുണ്ടായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com