
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി. സമാനമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലും സംസ്ഥാന സർക്കാർ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദാരുണമായ അപകടമരണത്തിന്റെ പേരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമം പ്രതിരോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടമിടിഞ്ഞ് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായത് പോലെ ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, മന്ത്രിമാരായ വീണാ ജോർജിനും, വി.എൻ. വാസവനും എതിരെയുള്ള പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കാൻ സിപിഐഎം തീരുമാനിച്ചു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിന്റെ പ്രാഥമിക വിവരങ്ങൾ അറിയിക്കുക മാത്രമാണ് മന്ത്രിമാർ ചെയ്തത്. രക്ഷാപ്രവർത്തനം നിർത്തിവയ്‌ക്കുകയോ, തടസപ്പെടുകയോ ചെയ്തിട്ടില്ല. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള യന്ത്ര ഉപകരണങ്ങൾക്ക് സംഭവസ്ഥലത്ത് എത്തിപ്പെടാൻ നേരിട്ട പ്രയാസം മാത്രമാണ് ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മന്ത്രി വീണാ ജോർജിനെ ലക്ഷ്യമിട്ട് പ്രതിപക്ഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങൾക്കിടയിൽ കാലുഷ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.
സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി പ്രതിപക്ഷം ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പൊതുജനാരോഗ്യ മേഖലയാകെ കുഴപ്പത്തിലാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. മന്ത്രി വീണാ ജോർജ് രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ആരോഗ്യ മന്ത്രിക്ക് പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തെയും അപകടമരണത്തെയും സുവർണാവസരമായി കരുതി മുതലെടുക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് മന്ത്രി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും ഫേസ്ബുക്കില്‍ കുറിച്ചു.