

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. കോട്ടയം സ്വദേശിനി മായയാണ് അറസ്റ്റിലായത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
റാക്കറ്റിന് വേണ്ടി മായ വ്യാജ രേഖ ചമച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് ഇതുവരെ 4 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മായ റാക്കറ്റിൽ നിന്നും പണം കൈപ്പറ്റിയെന്നും പൊലീസിന് തെളിവ് ലഭിച്ചിരുന്നു.
അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ അന്വേഷണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും വ്യാപിച്ചിട്ടുണ്ട്. റാക്കറ്റുമായി ഡോക്ടര്‍മാര്‍ക്ക് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. തട്ടിപ്പ് നടന്നത് കല്ലത്രസ് മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ്. കോടികളുടെ ഇടപാടുകൾ നടന്നു എന്നാണ് പ്രാഥമിക നിഗമനം.
അവയവദാനം നടത്താൻ ആരെയും വിദേശത്തേക്ക് കൊണ്ടുപോയിട്ടില്ല എന്ന് മുഖ്യപ്രതി നജീബ് മൊഴി നൽകിയിട്ടുണ്ട്. പ്രതി നജീബിൻ്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നജീബ് വിവിധ കേസുകളിൽ കർണാടകയിൽ ഉൾപ്പെടെ പ്രതിയാണ്.
അവയവദാനത്തിനായി വ്യാജരേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിനെ പിടികൂടാൻ സഹായിച്ചത് മൂന്നാം ഭാര്യ റഷീദയാണ്. നജീബിനെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറില്‍ ആശുപത്രിയില്‍ വച്ച് വടക്കേക്കര സ്വദേശിക്ക് അവയവദാനം നടത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ അവയവക്കച്ചവട റാക്കറ്റുമായി ആശുപത്രിക്കുള്ള ബന്ധത്തിലാണ് അന്വേഷണം. അവയവം ദാനം ചെയ്തയാളെയും പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.ഡോക്ടര്‍മാരുടെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതിലും പരിശോധന നടത്തിവരികയാണ്. ജഡ്ജിമാരുടെ പേരിലും വ്യാജ രേഖകള്‍ ചമച്ചുവെന്നും കണ്ടെത്തലുണ്ട്.