
കോഴിക്കോട്: കൊയിലാണ്ടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ചേമഞ്ചേരി -അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗമാണ് പുഴയിലേക്ക് തകര്‍ന്നു വീണത്. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന പാലത്തിന്റെ മധ്യഭാഗത്തെ ബീം പുഴയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിന്റെ മധ്യഭാഗത്ത് കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. അപകടം നടക്കുമ്പോള്‍ നിരവധി തൊഴിലാളികള്‍ സമീപത്ത് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് ചെയ്ത പലഭാഗങ്ങളിലും വിള്ളല്‍ ഉണ്ടായിട്ടുണ്ടെന്നും, നിര്‍മ്മാണത്തിന് ഉപയോഗിച്ച കമ്പികള്‍ക്ക് ഗുണനിലവാരമില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
തകര്‍ന്ന് വീണതിന്റെ കാരണം അന്വേഷിച്ച് കരാര്‍ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അകാലപ്പുഴക്ക് കുറുകെ ചേമഞ്ചേരി - അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് 2023 ഓഗസ്റ്റ് 3 നായിരുന്നു. പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. 23.82 കോടി രൂപയാണ് പദ്ധതി ചെലവ്.
പാലം തകര്‍ന്നതില്‍ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം ഒരു സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. സുരക്ഷാ ഹെല്‍മെറ്റ് പോലും തൊഴിലാളികള്‍ ധരിച്ചിട്ടില്ലായിരുന്നു. അപകടം നടന്നിട്ടും തൊഴിലാളികള്‍ തുടര്‍ന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
മലപ്പുറം മേല്‍മുറി ആസ്ഥാനമായുള്ള പിഎംആര്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് പാലത്തിന്റെ നിര്‍മ്മാണ ചുമതല. 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാം എന്നായിരുന്നു കരാര്‍.