

പത്തനംതിട്ട കോഴഞ്ചേരിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷ (20) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കീഴൂക്കര സ്വദേശി ജിത്തു (27) പൊലീസ് പിടിയിൽ. പ്രണയനൈരാശ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം. റിസോർട്ടിലെത്തിയ ജിത്തു ദിൻഷയെ റിസോർട്ടിനു മുന്നിലുള്ള മരച്ചുവട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഇരുവരും സംസാരിക്കുന്നതിനിടെ, ജിത്തു കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ദിന്‍ഷയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിന്‍ഷയെ റിസോര്‍ട്ട് അധികൃതര്‍ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം തടയാനായില്ല. റിസോര്‍ട്ട് ജീവനക്കാരും, ബഹളം കേട്ടെത്തിയ നാട്ടുകാരും ചേര്‍ന്ന് ജിത്തുവിനെ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
പ്രണയത്തിൽനിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊല ചെയ്യാന്‍ തീരുമാനിച്ച് ഉറച്ചാണ് പ്രതി എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് യുവതിയുടെ കഴുത്തിൽ പലതവണ കുത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഓണ്‍ലൈനായി വാങ്ങിയതാകാമെന്നും പൊലീസ് പറഞ്ഞു. 11 ദിവസം മുമ്പാണ് ദിന്‍ഷ റിസോര്‍ട്ടില്‍ ജോലിക്ക് ചേർന്നത്.