കോഴിക്കോട്: വോട്ടർ പട്ടിക വിവാദത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനാർഥി വി.എം.വിനു ഹൈകോടതിയെ സമീപിച്ചു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിനു ഹൈകോടതിയിൽ ഹർജി നൽകിയത്. ഓൺലൈനായാണ് ഹർജി സമർപ്പിച്ചത്. ഹർജി നാളെ പരിഗണിച്ചേക്കുമെന്ന് വി.എം. വിനുവിന്റെ അഭിഭാഷകൻ പറഞ്ഞു.
കോർപ്പറേഷൻ മേയർ സ്ഥാനാർഥി വി.എം. വിനുവിൻ്റെ പേര് വോട്ടർപട്ടികയിൽ ഇല്ലാത്തതിൽ വലിയ വിവാദമാണ് നടക്കുന്നത്. പുതിയ പട്ടിക പുറത്തെത്തിയപ്പോഴാണ് കോൺഗ്രസ് സ്ഥാനാർഥിയായ വി.എം. വിനുവിൻ്റെ പേരില്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ 45 വർഷത്തോളമായി വോട്ട് ചെയ്യുന്നുണ്ടെന്നും 2020ലെ തെരഞ്ഞെടുപ്പിൽ മലാപ്പറമ്പിൽ താൻ വോട്ട് ചെയ്തതായും വി.എം. വിനു അവകാശപ്പെട്ടിരുന്നു.
എന്നാൽ വി.എം. വിനുവിന്റെ വാദങ്ങൾ പൊളിക്കുന്ന രേഖകൾ ന്യൂസ് മലയാളം പറത്തുവിട്ടിരുന്നു. 2020ൽ നടന്ന തെരഞ്ഞെടുപ്പിലും വി. എം. വിനുവിന് വോട്ടില്ല. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലാപ്പറമ്പിൽ വോട്ട് ചെയ്തു എന്നായിരുന്നു വിനു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മലാപ്പറമ്പ് ഡിവിഷനിൽ 2020ലെ വോട്ടർ പട്ടികയിലും വി.എം. വിനുവിൻ്റെ പേരില്ല എന്ന് തെളിയിക്കുന്ന രേഖയാണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.