

കോഴിക്കോട്: ജെഡിടി കോളേജിലെ സ്‌ട്രോങ് റൂം അനധികൃതമായി തുറന്നെന്ന യുഡിഎഫ് ആരോപം തള്ളി യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയ. ഇവിഎം സൂക്ഷിച്ച റൂം തുറന്നെന്നായിരുന്നു യുഡിഎഫ് ആരോപണം. എന്നാല്‍ രേഖകളുള്ള റൂമാണ് തുറന്നതെന്ന് വരാണാധികാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്നോട് നേരത്തെ പറഞ്ഞിരുന്നു എന്ന് ഫാത്തിമ തഹ്‌ലിയയും പറഞ്ഞു.
സ്‌ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന വിവരം ആര്‍ഒ ഒറിയിച്ചിരുന്നു. എട്ട് മണിക്ക് വിളിച്ച് ഒന്‍പത് മണിക്ക് എത്തണം എന്ന് അറിയിച്ചു. ഏജന്റിന്റെ സാന്നിധ്യത്തിലാണ് റൂം തുറന്നതെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
താന്‍ എത്തിയപ്പോഴേക്കും റൂം തുറന്നിരുന്നു. താന്‍ എത്തുമ്പോള്‍ ഫോം 17ന്റെ വേരിഫിക്കേഷന്‍ നടത്തുകയാണെന്ന് അവര്‍ പറഞ്ഞു. താന്‍ എത്തിയതിന് ശേഷം നിര്‍ത്തിവച്ചു. ഉദ്യോഗസ്ഥര്‍ എത്തട്ടെ എന്ന് പറയുകയായിരുന്നു എന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
വോട്ടിങ് യന്ത്രം സൂക്ഷിച്ച റൂമില്‍ സുരക്ഷാ വീഴ്ചയെന്നായിരുന്നു യുഡിഎഫ് പരാതി. യുഡിഎഫ് പ്രവര്‍ത്തകരാണ് പരാതി ഉന്നയിച്ചത്. മുറി തുറക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
എന്നാല്‍ ആരോപണം സംബന്ധിച്ച വാര്‍ത്ത തെറ്റാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍കോര്‍ സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റ് മാരുടെ സാന്നിധ്യത്തില്‍ തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
അതേസമയം സ്‌ട്രോങ്ങ് റൂമിന്റെ അടുത്ത് മെറ്റീരിയല്‍ റൂം വയ്ക്കാന്‍ പാടില്ല. അട്ടിമറിക്കുള്ള ശ്രമം ആരംഭിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ആരോപിച്ചു. പ്രതികരണവുമായി എംപി എംകെ രാഘവനും രംഗത്തെത്തി. സ്‌ട്രോങ്ങ് റൂമിന്റെ ഭാഗത്ത് സാധാരണ കേന്ദ്ര സേനയ്ക്ക് മാത്രമാണ് പ്രവേശനം. എന്നാല്‍ മറ്റുള്ളവര്‍ അതിനുള്ളില്‍ പ്രവേശിച്ചു. അതില്‍ ദുരൂഹതയുണ്ടെന്ന് എംകെ രാഘവന്‍ ആരോപിച്ചു.