
കോഴിക്കോട് വീണ്ടും ഷഹബാസ് മോഡലില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണം. കോഴിക്കോട് പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ജൂനിയര്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചത്. അജിലിന് കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
15-ഓളം വിദ്യാര്‍ഥികളാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അജിലിനെ മര്‍ദിച്ചത്. ഇതില്‍ നാല് പേരെ കണ്ടാല്‍ അറിയാമെന്നും അജില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഈ നാല് വിദ്യാര്‍ഥികളെയും സ്‌കൂള്‍ അധികൃതര്‍ 14 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ മര്‍ദന വിവരം അധ്യാപകര്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് അജിലിന്റെ രക്ഷിതാക്കള്‍ ആരോപിച്ചു.
ക്ലാസ് മുറിയില്‍ നിന്നും പുറത്തേക്ക് ഇറക്കിയാണ് തന്നെ ആക്രമിച്ചതെന്ന് അജില്‍ മാധ്യമങ്ങളോട് പറഞ്ഞു. വരാന്തയില്‍ വെച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. ആദ്യം കണ്ണിനാണ് അടിച്ചത്. മാതാപിതാക്കളാണ് ആശുപത്രിയില്‍ കൊണ്ടു പോയതെന്നും അജില്‍ പറഞ്ഞു.
നാല് മാസം മുമ്പ് അടിവാരത്ത് വെച്ച് ഇവരുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വാക്ക് തര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി തന്നെ മര്‍ദിക്കുന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും അജില്‍ വ്യക്തമാക്കുന്നു.