കോഴിക്കോട്: ദീർഘനാളത്തെ ഗവേഷണത്തിനൊടുവിൽ പുതിയ കലണ്ടർ കണ്ടുപിടിച്ച് കോഴിക്കോടുകാരൻ. കൺട്രോൾ റൂമിലെ പൊലീസ് ഡ്രൈവറായ ഷാജഹാനാണ് യൂണിവേഴ്സൽ അഡ്വാൻസ്ഡ് കലണ്ടർ സിസ്റ്റം എന്ന നൂതന കണ്ടുപിടുത്തത്തിന് പിന്നിൽ. കലണ്ടർ രീതിയിൽ മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഗവേഷണം ആരംഭിച്ചതെന്ന് ഷാജഹാന്‍ പറഞ്ഞു.
കലണ്ടർ നിലവിൽ വന്ന കാലത്ത് മായൻ കലണ്ടർ, റോമൻ കലണ്ടർ, ജൂലിയൻ കലണ്ടർ, ഗ്രിഗേറിയൻ കലണ്ടർ എന്നിവയിൽ വരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും അവസാനമായി 1582 ഒക്ടോബർ നാലിനാണ് ഒരു മാറ്റം സംഭവിച്ചത്. ആധുനിക ടെക്നോളജി നിലവിൽ വന്നിട്ടും കലണ്ടർ സിസ്റ്റത്തിന് മാത്രം ഒരു മാറ്റവും ഉണ്ടായില്ല. ഇന്നും പഴയകാലത്തെ ആ കലണ്ടർ രീതി തന്നെയാണ് എല്ലാ രാജ്യങ്ങളും പിന്തുടരുന്നത്. അതിനെല്ലാം ഒരു മാറ്റം വരുത്തുന്ന വിധത്തിലാണ് ഷാജഹാൻ്റെ നാലു വർഷത്തെ ഗവേഷണ ഫലമായി യൂണിവേഴ്സൽ അഡ്വാൻസ്ഡ് കലണ്ടർ സിസ്റ്റം രൂപപ്പെട്ടത്.
നിലവിലെ കലണ്ടർ സിസ്റ്റം അനുസരിച്ച് ഓരോ മാസങ്ങളിലും വരുന്ന ദിവസങ്ങളുടെ തീയതികൾ ഏതെന്ന് ചോദിച്ചാൽ ആർക്കും ഒരു വ്യക്തതയുമില്ല. അടുത്ത വർഷത്തെ ജനുവരി ഒന്നാം തീയതി ഏത് ദിവസമാണെന്ന് ചോദിച്ചാൽ ഒരാൾക്കും കലണ്ടർ കയ്യിൽ കിട്ടാതെ ഉത്തരം പറയാനും സാധിക്കില്ല. അവിടെയാണ് ഷാജഹാൻ്റെ യൂണിവേഴ്സൽ അഡ്വാൻസ്ഡ് കലണ്ടർ സിസ്റ്റം വ്യത്യസ്തമാകുന്നത്.
ഷാജഹാൻ്റെ കലണ്ടറിൽ എല്ലാ ഒന്നാം തീയതിയും തിങ്കളാഴ്ചയാണ്. അതുപോലെ മറ്റു ദിവസങ്ങളൊക്കെ തുടർച്ചയായി വരുന്നതാണ്. അതുകൊണ്ടുതന്നെ ഡേറ്റ് ലഭിച്ചുകഴിഞ്ഞാൽ ആർക്കും ഏതുകാലത്തെയും ദിവസം ഏതെന്ന് ഒട്ടും ചിന്തിക്കാതെ പറയാനാകുമെന്നാണ് യൂണിവേഴ്സൽ അഡ്വാൻസ്ഡ് കലണ്ടർ സിസ്റ്റത്തിൻ്റെ പ്രത്യേകത.