

തായ്‌ലൻഡ് കംബോഡിയ അതിർത്തിയിലെ വിഷ്ണു പ്രതിമ തകർത്തതിൽ വിശദീകരണവുമായി തായ്‌ലാൻഡ് . പ്രതിമ നിലനിന്നിരുന്ന സ്ഥലം മതകേന്ദ്രമല്ലെന്നും സുരക്ഷാ കാരണങ്ങളാലാണ് പ്രതിമ പൊളിച്ചുനീക്കിയതെന്നും തായ്‌ലാൻഡ് അധികൃതർ അറിയിച്ചു . ഏതെങ്കിലും മതങ്ങളുടെ വിശ്വാസം വ്രണപ്പെടുത്താനായിരുന്നില്ല നടപടി എന്നും തായ്‌ലൻഡ് വ്യക്തമാക്കി.
തായ്‌ലൻഡിൻ്റെ പരമാധികാരത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും സുരക്ഷയ്ക്കും വേണ്ടി മാത്രമായിരുന്നു നടപടികളെന്നും അവർ വ്യക്തമാക്കി.പ്രതിമ തകർത്തതിനെ കഴിഞ്ഞ ദിവസം ഇന്ത്യ അപലപിച്ചിരുന്നു. ഇന്ത്യയുടെ വിമർശനങ്ങൾക്ക് മറുപടിയായാണ് തായ്‌ലൻഡ് പ്രധാനമന്ത്രി അനുദിൻ ചരൺവിരകുലിൻ്റെ വിശദീകരണം.
അതേ സമയം, ബുദ്ധമതക്കാരും ഹിന്ദുമതക്കാരും ആരാധിക്കുന്ന പ്രതിമയാണ് തകർത്തത് എന്ന് കംബോഡിയ പറഞ്ഞു . സൈനികരുടെ ജീവനും ശരീരത്തിനും മുന്നിൽ ഒരു തകർന്ന വിഗ്രഹത്തിന് വിലയില്ലെന്നും അനുദിൻ പറഞ്ഞു. തായ്‌ലൻഡ് സൈന്യം വിഷ്ണു വിഗ്രഹം തകർക്കുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഇന്ത്യ രംഗത്തെത്തിയതോടെയാണ് പ്രധാനമന്ത്രി വിശദീകരണവുമായെത്തിയത്.