
കോഴിക്കോട്ടെ വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റില്‍ നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പ്. സാമ്പത്തിക തട്ടിപ്പിന് ഇരയായി സ്ഥാപനത്തിലെ മുന്‍ മാനേജറും. ഒരു കോടിയിലധികം രൂപയാണ് കോഴിക്കോട് ശാഖയിലെ മാനേജര്‍ മധുസൂദനനും കുടുംബവും സൊസൈറ്റിയില്‍ നിക്ഷേപിച്ചത്.
കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു മാനദണ്ഡങ്ങളും പാലിക്കാതെ സ്ഥാപനത്തില്‍ ജീവനക്കാരെ നിയമിച്ച് കോടികളുടെ നിക്ഷേപമാണ് കമ്പനി സ്വീകരിച്ചതെന്നും മധുസൂദനന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് മാനേജിങ് ഡയറക്ടര്‍ ശക്തി പ്രകാശ്, ചെയര്‍മാന്‍ സജീഷ് മഞ്ചേരി, വൈസ് ചെയര്‍മാന്‍ രജീഷ് കെ.എം. എന്നിവര്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്ഥാപനത്തില്‍ നിരവധി ജീവനക്കാരെ നിയമിച്ചു. അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ സമീപിച്ചു.
ജില്ലയില്‍ പല സ്ഥലങ്ങളിലും ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്ത് നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുമെന്ന് വിശ്വസിപ്പിച്ചു. നിക്ഷേപത്തുക പിന്‍വലിക്കാന്‍ ആളുകള്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്ന് കോഴിക്കോട് ബ്രാഞ്ച് മാനേജര്‍ മധുസൂദനന്‍ പറയുന്നു. ഒരു കോടിയിലധികം രൂപയാണ് മധുസൂദനനും ബന്ധുക്കളും സ്ഥാപനത്തില്‍ നിക്ഷേപിച്ചത്.
നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. വധഭീഷണി ഉള്‍പ്പെടെ നേരിടുന്നു എന്നും മധുസൂദനന്‍ പറഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് 460 കോടി രൂപയുടെ നിക്ഷേപം സ്ഥാപനം സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. 2016ലാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ ഫോട്ടോ ഉപയോഗിച്ച് പരസ്യം ചെയ്ത് സ്ഥാപനം ആരംഭിക്കുന്നത്. കോടികളാണ് ഡെപ്പോസിറ്റ് തുകയായി സ്വീകരിച്ചിരുന്നത്.
പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം വൈകിപ്പിക്കുന്നതായും കൃത്യമായി നടപടി സ്വീകരിക്കുന്നില്ലെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. തട്ടിപ്പ് സംഘത്തെ ബഡ്‌സ് ആക്ടില്‍ ഉള്‍പ്പെടുത്തി പണം നഷ്ടമായവര്‍ക്ക് നീതി ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.