

തൃശ്ശൂര്‍: മറ്റത്തൂരില്‍ ബിജെപി കൂട്ടുകെട്ടിന് പിന്നാലെ വിമത ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൂര്‍ണമായും കൈവിട്ട് കെപിസിസി. വര്‍ഗീയ കക്ഷികളുമായുള്ള ഒരു കൂട്ടുകെട്ടും അംഗീകരിക്കാന്‍ ആകില്ലെന്നും മറ്റത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്നും പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ച റോജി എം. ജോണ്‍ എംഎല്‍എ. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയെക്കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും വൈസ് പ്രസിഡന്റ് തിങ്കളാഴ്ച രാജിവെക്കുമെന്നും വിമത നേതാവ് ടി.എം. ചന്ദ്രന്‍. നേതൃത്വത്തിന്റെ ഭാഗത്ത് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ചന്ദ്രന്‍ ന്യൂസ് മലയാളത്തോട് ആവര്‍ത്തിച്ചു .
കെപിസിസി മുന്നോട്ടുവച്ച അനുനയ നീക്കത്തിന് വഴങ്ങിയ മറ്റത്തൂരിലെ വിമത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ചാണ് നേതൃത്വത്തിന്റെ പുതിയ തീരുമാനം. ടി എം ചന്ദ്രന്‍ അടക്കമുള്ള നേതാക്കളും പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടെയുള്ള വിമതര്‍ക്ക് തെറ്റ് തിരുത്തി തിരിച്ചുവരാമെന്നും വര്‍ഗീയ സംഘടനകളും ആയുള്ള ഒരു കൂട്ടുകെട്ടും പാര്‍ട്ടി അനുവദിക്കില്ലെന്നും ആയിരുന്നു ഇക്കാര്യത്തില്‍ കെപിസിസി നിലപാട് വ്യക്തമാക്കിയ റോജി എം. ജോണ്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ബിജെപിയുടെ വോട്ട് തേടി സ്ഥാനങ്ങളില്‍ എത്തിയ മറ്റത്തൂര്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണം. ഇവര്‍ ഒഴിയാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും റോജി വ്യക്തമാക്കി. പ്രസിഡന്റ് സ്വതന്ത്രയായി മത്സരിച്ചതിനാല്‍ വിപ്പു നല്‍കുന്നതില്‍ പരിമിതിയുണ്ട് അതുകൊണ്ടാണ് അവിശ്വാസം കൊണ്ടുവരികയെന്നും റോജി എം. ജോണ്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങളെ അംഗീകരിക്കുന്നുവെങ്കിലും പ്രസിഡന്റിന്റെ രാജിക്കാര്യം തനിക്ക് ഉറപ്പു നല്‍കാന്‍ ആവില്ലന്നും വൈസ് പ്രസിഡന്റ് തിങ്കളാഴ്ച സ്ഥാനം രാജിവെക്കുമെന്നും ടി എം ചന്ദ്രന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഡിസിസി നേതൃത്വത്തിന് വീഴ്ച പറ്റിയില്ലന്ന് കെപിസിസി പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആകില്ലെന്നും തെറ്റ് ചെയ്‌തെങ്കില്‍ മാത്രമേ തിരുത്തേണ്ട കാര്യമുള്ളുവെന്നും ചന്ദ്രന്‍ വ്യക്തമാക്കി.
മറ്റത്തൂര്‍ വിവാദത്തില്‍ ചന്ദ്രന്‍ അടക്കമുള്ള ഒരാളോടും ശത്രുതാപരമായ സമീപനം സ്വീകരിക്കില്ലെന്നാണ് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെയും നിലപാട് . എല്ലാവരെയും ചേര്‍ത്തുപിടിച്ച് ഒരുമിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ടാജറ്റ് ന്യൂസ് മലയാളത്തിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് സമവായത്തിന് വഴങ്ങി വൈസ് പ്രസിഡന്റ് സ്ഥാനം ഇന്ന് രാജിവയ്ക്കാനാണ് വിമത വിഭാഗം നേതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കെപിസിസി മുന്നോട്ടുവച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ തിരിച്ചടി ആയതോടെ സ്ഥാനം രാജിവയ്ക്കാനോ തെറ്റ് ഏറ്റുപറയാനോ വിമതര്‍ തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ട കാര്യം.