തിരുവനന്തപുരം: കെപിസിസിക്ക് പുതിയ കോർകമ്മറ്റി. 17 അംഗ കോർ കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. ശശി തരൂർ, കെ.സി. വേണുഗോപാൽ, എ.കെ. ആൻ്റണി, രമേശ് ചെന്നിത്തല, കെ. സുധാകരൻ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. ഷാനിമോൾ ഉസ്‌മാൻ കമ്മിറ്റിയിലെ ഏക വനിതാ അംഗമാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, അടൂർ പ്രകാശ്, കൊടിക്കുന്നേൽ സുരേഷ്, കെ. മുരളീധരൻ, എന്നിവരും കമ്മിറ്റിയിലുണ്ട്. കോർ കമ്മിറ്റിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കുക.
സംഘടനാകാര്യങ്ങൾ ഏകോപിപ്പിക്കാനായി കോർകമ്മിറ്റി രൂപീകരിക്കുന്നതോടെ പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് എഐസിസി പ്രതീക്ഷ. പ്രസിഡൻ്റുമാരായ വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, എന്നിവരാണ് കോര്‍ കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉന്നയിച്ചവരെല്ലാം സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉൾപാര്‍ട്ടി പ്രശ്നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കുന്നതിനോടൊപ്പം നേതാക്കൾ തമ്മിൽ ഉള്ള ഐക്യം അണികളെ ബോധ്യപ്പെടുത്തേണ്ട ചുമതലയും കോർ കമ്മിറ്റിക്കുണ്ട്.
കോർ കമ്മറ്റിയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ അത് നേരിട്ട് നിരീക്ഷിക്കാനും ആളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഐസിസിയുടെ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കാണ് മേൽനോട്ട ചുമതല. കൃത്യമായി ഇടവേളകളിൽ യോഗം ചേരുകയും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കുകയും ചെയ്യണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് അഭിപ്രായ ഭിന്നതകളെല്ലാം പരിഹരിച്ച് തെരഞ്ഞെടുപ്പ് വിജയത്തിനായി ഒന്നിച്ച് ഇറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുമുള്ളത്.