തിരുവനന്തപുരം: പിഎം ശ്രീയിലെ വിവാദങ്ങൾ എല്ലാം അവസാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ടെന്നായിരുന്നു മന്ത്രിയുടം പ്രസ്താവന. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാകുന്നത് അല്ലെ എന്നും ശിവൻകുട്ടി പറഞ്ഞു.
പിഎം ശ്രീ പദ്ധതി സമവായത്തിന് ശേഷം വൈകാരിക പ്രതികരണങ്ങളായിരുന്നു നേതാക്കൾ നടത്തിയത്. മുന്നണിക്കുള്ളിലെ മുറുമുറുപ്പിനപ്പുറം തുറന്ന് പോരിലേക്ക് കാര്യങ്ങൾ പോയത് ഇരു കക്ഷികളിലെയും മുതിർന്ന നേതാക്കൾക്ക് പ്രയാസമുണ്ടാക്കിയെന്ന് വ്യക്തമായിരുന്നു. സിപിഐ മന്ത്രിമാരുടെ പ്രതികരണങ്ങൾ വേദനയുണ്ടാക്കിയെന്ന് മന്ത്രി വി. ശിവൻകുട്ടി പരിഭവം പറഞ്ഞിരുന്നു.
അതേസമയം പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടുള്ള കത്ത് സംസ്ഥാന സർക്കാർ തയ്യാറാക്കി. മുഖ്യമന്ത്രി പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറി കത്ത് കേന്ദ്രത്തിന് അയക്കും. പദ്ധതി മരവിപ്പിച്ചതായി കേന്ദ്രത്തെ അറിയിക്കും. എന്നാൽ പദ്ധതിയിൽ ഒപ്പിട്ട ശേഷമുള്ള പിന്മാറ്റ നീക്കം കാപട്യമാണെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കരാർ ഒപ്പിട്ട പദ്ധതി വേണ്ടെന്ന് പറയാൻ കത്ത് കൊടുത്താൽ അതിന് കടലാസിന്റെ വിലയേ ഉണ്ടാകൂവെന്നും ജോർജ് കുര്യൻ ആരോപിച്ചു.