തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശന വാർത്തകൾ തള്ളി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. മുന്നണി പ്രവേശനത്തിൽ കേരള കോൺഗ്രസ് താൽപ്പര്യം അറിയിച്ചിട്ടില്ല. കോൺഗ്രസും അവരെ ബന്ധപ്പെട്ടിട്ടില്ല. വിഷയത്തിൽ അനൗദ്യോഗിക ചർച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും ഘടക കക്ഷി നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയില്ലെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
യുഡിഎഫ് വിജയത്തിന് കേരള കോൺഗ്രസ് അനിവാര്യമാണോ എന്ന ചോദ്യത്തിന് യോഗം ചേർന്ന് ആലോചിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡൻ്റിൻ്റെ മറുപടി. മുന്നണിയുടെ ജനകീയ അടിത്തറ വികസിക്കുകയാണെന്നും ഐഷ പോറ്റിയെ പോലെ കൂടുതൽ ആളുകൾ ഇനിയും മുന്നോട്ടുവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, മാധ്യമങ്ങളിൽ വരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്. കേരള കോൺഗ്രസ് എമ്മുമായി ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല. താൽപ്പര്യമറിയിച്ചാൽ പാർട്ടികളുമായി ചർച്ച നടത്തുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കേരള കോൺഗ്രസിൻ്റെ വരവിൽ സന്തോഷമേയുള്ളൂ എന്നായിരുന്നു കെ. മുരളിധരൻ്റെ പ്രതികരണം. ആരുടെയും പുറകെ പോകില്ല. ആർക്കു മുന്നിലും വാതിൽ കൊട്ടിയടക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണി സി. കാപ്പൻ വീട്ടിൽ വന്നിരുന്നെന്നും രാഷ്ട്രീയ ചർച്ചകൾ നടന്നെന്നും പി. കെ. കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. എന്നാൽ അജണ്ട വച്ച് ഒന്നും ചർച്ചയായില്ലെന്നും മറ്റു കാര്യങ്ങൾ എല്ലാം അഭ്യൂഹങ്ങൾ ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള കോൺഗ്രസിനെ കൊണ്ട് വരാൻ യുഡിഎഫ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നേതാക്കൾ തമ്മിൽ കാണുമ്പോൾ രാഷ്ട്രീയം ചർച്ച ആകും. ബാക്കി ഒന്നും ഇപ്പോൾ പറയാനായിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ എല്‍ഡിഎഫ് യോഗങ്ങളിലും തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്രത്തിനെതിരായ ഇടതുമുന്നണിയുടെ സത്യാഗ്രഹ സമരത്തിലും ജോസ് കെ. മാണി വിട്ടുനിന്നതോടെയാണ് കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. ഫെബ്രുവരിയില്‍ നടക്കുന്ന എല്‍ഡിഎഫിന്റെ മധ്യമേഖലയുടെ ജാഥ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് ജോസ് കെ.മാണിയെ ആണ്. എന്നാൽ എന്‍. ജയരാജിനെ ക്യാപ്റ്റന്‍ സ്ഥാനം എല്‍പ്പിക്കുന്നതു സംബന്ധിച്ചുള്ള വാർത്തകൾ വന്നതോടെ കേരള കോൺഗ്രസ് മുന്നണി വിടുമെന്ന ചർച്ചകൾ ബലപ്പെട്ടു.
പിന്നാലെ ജോസ് കെ. മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. എഐസിസി ജനറല്‍ സെക്രട്ടഫി കെ.സി. വേണുഗോപാലാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വിസ്മയമുണ്ടാകുമെന്നായിരുന്നു ഇതിനുപിന്നാലെയുള്ള വി.ഡി. സതീശൻ്റെ പ്രതികരണം.
എന്നാല്‍ മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ എംഎല്‍എമാര്‍ക്ക് രണ്ട് അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. എല്‍ഡിഎഫ് വിടുന്ന പ്രശ്നമില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്നും മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. എന്നാല്‍ രാഷ്ട്രീയനിലപാടില്‍ മാറ്റമില്ലെന്ന് ജോസ് കെ. മാണിയും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് മാധ്യമങ്ങളോട് മുന്നണിമാറ്റമില്ലെന്ന് ജോസ് കെ. മാണി സ്ഥിരീകരിച്ചത്.