"കൂടിക്കാഴ്ചയ്ക്കായി ആരും ചുമതലപ്പെടുത്തിയിട്ടില്ല"; രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി കെപിസിസി പ്രസിഡൻ്റ്

വിശദീകരണം ചോദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സണ്ണി ജോസഫ്
സണ്ണി ജോസഫ്
സണ്ണി ജോസഫ്
Published on

രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. അൻവറുമായി കൂടിക്കാഴ്ച നടത്താൻ രാഹുലിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. നടന്നത് വ്യക്തിപരമായ കൂടിക്കാഴ്ചയാകാം. വിശദീകരണം ചോദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

"രാഹുലിനോട് അൻവറിനെ കാണാൻ ചുമതലപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ സന്ദർശനമാകും. തെറ്റും ശരിയും ഇപ്പോൾ നോക്കുന്നില്ല. രാഷ്ട്രീയത്തിൽ ഒരു വാതിലും പൂർണമായി അടയുന്നില്ല. അൻവർ വന്നാൽ പായസത്തിന് മാധുരം കൂടുകയേ ഉള്ളൂ. അൻവർ ഇല്ലെങ്കിലും 50% വോട്ട് മുന്നണി നേടും. അൻവർ മത്സരിച്ചാലും പ്രശ്നമില്ല. നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫ് ആവർത്തിക്കും" സണ്ണി ജോസഫ് പറഞ്ഞു.

സണ്ണി ജോസഫ്
ഈ ട്രാക്ക് ശരിയല്ല, അതിവൈകാരിക തീരുമാനമെടുക്കരുതെന്ന് അന്‍വറിനോട് പറഞ്ഞു; കൂടിക്കാഴ്ച വിശദീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെയും പി.വി. അന്‍വറിൻ്റെയും കൂടികാഴ്ച വിവാദമായതോടെയാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം. അൻവറിന് മുന്നിൽ യുഡിഎഫിൻ്റെ വാതിൽ കൊട്ടിയടയ്ക്കുകയും വി.ഡി.സതീശൻ അൻവർ വിരുദ്ധതയിൽ ഉറച്ച് നിൽക്കുകയും ചെയ്തതിനു പിന്നാലെയാണ് അർധരാത്രി രാഹുൽ മാങ്കൂട്ടത്തിൽ അൻവറിൻ്റെ വീട്ടിലെത്തിയത്. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരിട്ടെത്തി മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞു. ചർച്ചയ്ക്ക് പോയത് തെറ്റാണെന്നും എന്നാൽ സംഘടനാപരമായി വിശദീകരണം ചോദിക്കില്ലെന്നുമായിരുന്നു സതീശൻ്റെ വിശദീകരണം.

എന്നാൽ അൻവറിനോട് മൃദുസമീപനം പുലർത്തുന്ന കെ. മുരളീധരനാകട്ടെ കൂടിക്കാഴ്ച വ്യക്തിപരമാണെന്നും അതിൽ തെറ്റില്ലെന്നുമാണ് പറഞ്ഞത്. ഒന്നും അറിയില്ലെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ പ്രതികരണം.

സണ്ണി ജോസഫ്
'ദാറ്റ് ഡോര്‍ ഈസ് ക്ലോസ്ഡ്', രാഹുല്‍ അന്‍വറിനെ കാണരുതായിരുന്നു; ചെയ്തത് തെറ്റെന്ന് വി.ഡി. സതീശന്‍

അതേസമയം, അപ്രതീക്ഷിതമായി കിട്ടിയ ആയുധം കൊണ്ട് കോൺഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ് എൽഡിഎഫ് നേതാക്കൾ. അർധരാത്രി അൻവറുമായി ചർച്ചയ്ക്ക് പോയത് യുഡിഎഫിൻ്റെ ഗതികേട് കൊണ്ടാണെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് പറഞ്ഞത്. പകൽ വെല്ലുവിളിയും രാത്രി കാലുപിടിത്തവുമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്ഐയും പരിഹസിച്ചു.

കഴിഞ്ഞ ദിവസം രാത്രി 11.45 ഓടെയാണ് പി.വി. അന്‍വറിന്റെ ഓതായിലെ പുത്തൻവീട്ടിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ചയ്ക്കെത്തിയത്. പി.വി. അന്‍വര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com