
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിന്നും വിസ്മൃതിയിലേക്ക് നയിക്കപ്പെട്ടയാളാണ് കുന്തക്കാരന്‍ പത്രോസ് എന്ന കെ.വി പത്രോസ്. തിരുവിതാംകൂര്‍ സ്റ്റേറ്റ് സെക്രട്ടറിയും പുന്നപ്ര - വയലാര്‍ സമര നേതാവുമായിരുന്ന പത്രോസിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും എന്നേ മറന്നതാണ്. പക്ഷെ പാര്‍ട്ടിയോട് കാണിച്ച സ്‌നേഹവും കൂറും തന്റെ പിന്‍തലമുറയിലേക്കും കൈമാറാനും പത്രോസ് മറന്നില്ല. ഡിവൈഎഫ്‌ഐയുടെ തൃശൂര്‍ ജില്ല കമ്മറ്റിയുടെ പുതിയ സെക്രട്ടറിയായ കൊച്ചുമകന്‍ കെ.എസ്. റോസല്‍ രാജാണ് അതിനുള്ള ഉദാഹരണം. പുതിയ ചുമതലും ഉത്തരവാദിത്തവും ഏറ്റെടുക്കുമ്പോള്‍ റോസല്‍ രാജ് തന്റെ അപ്പാപ്പനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ന്യൂസ് മലയാളവുമായി പങ്കുവെയ്ക്കുകയാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് വിസ്മരിക്കാനാവാത്ത പേരാണ് കുന്തക്കാരന്‍ പത്രോസ് എന്ന കെ.വി. പത്രോസ്. പാര്‍ട്ടിയുടെ തിരുവിതാകൂര്‍ സ്റ്റേറ്റ് സെക്രട്ടറിയായും പുന്നപ്ര - വയലാര്‍ സമരത്തിന്റെ ഡിക്ടേറ്ററായും പ്രവത്തിച്ച പത്രോസിന് പില്‍ക്കാലത്ത് പ്രസ്ഥാനത്തില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നു. വളരുകയും പിളരുകയും ചെയ്ത പാര്‍ട്ടിക്കായി ജീവിതം പകുത്ത് നല്‍കിയ പത്രോസും അദ്ദേഹത്തിന്റെ ചരിത്രവും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ പോലും നേരാവിധം അടയാളപ്പെടുത്തുക ഉണ്ടായിട്ടില്ല. പക്ഷെ കുന്തക്കാരന്‍ പത്രോസ് മരിച്ച് അരനൂറ്റാണ്ട് പിന്നീടുമ്പോഴെങ്കിലും കൊച്ചു മകന്‍ കെ.എസ് റോസല്‍ രാജിലൂടെ അദ്ദേഹത്തോട് നീതി കാട്ടാന്‍ ശ്രമിക്കുകയാണ് സിപിഐഎം.
റോസല്‍ രാജെന്ന വിദ്യാര്‍ഥി-യുവജന നേതാവിനെ ഒരു പക്ഷെ സാംസ്‌കാരിക തലസ്ഥാനത്തെ രാഷ്ട്രീയം വീക്ഷിക്കുന്നവര്‍ക്ക് അറിയാനായേക്കും. സിപിഐഎം ഒല്ലൂര്‍ ഏരിയ കമ്മറ്റി അംഗവും എസ്എഫ്‌ഐ നേതാവുമായിരുന്ന ഈ ചെറുപ്പക്കാരന്‍ ഇന്ന് ഡിവൈഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി തെരഞ്ഞെടുത്തു. ശബ്ദരേഖ വിവാദത്തെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറിക്ക് പകരം നിയോഗിക്കപ്പെട്ട റോസല്‍ രാജ് പഴയ കുന്തക്കാരന്‍ പത്രോസിന്റെ കൊച്ചുമകനാണെന്ന് ഇന്നും ഒരുപക്ഷെ ഭൂരിഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പുതിയ അറിവായിരിക്കും.
1980ല്‍ മരിച്ച അപ്പാപ്പന്‍ പത്രോസിനെ ഒരിക്കല്‍പ്പോലും റോസല്‍ രാജ് കണ്ടില്ല. എന്നാല്‍ പാര്‍ട്ടിയെ ഇന്നോളം തള്ളിപ്പറയാന്‍ തയ്യാറാവാത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് റോസല്‍ രാജ് കടന്നു വരികയാണുണ്ടായത്. ചരിത്രവും പുസ്തകങ്ങളും പാര്‍ട്ടി തഴഞ്ഞ പത്രോസിനെ കുറിച്ച് പറയുമ്പോള്‍ അതിന് വിപരീതമായാണ് റോസല്‍രാജ് പ്രതികരിക്കുന്നത്.
പുന്നപ്ര - വയലാര്‍ സമരവും കല്‍ക്കട്ട തീസിസും ആലപ്പുഴയിലെ തൊഴിലാളി സമരങ്ങളുമടക്കം കമ്മ്യൂണിസ്റ്റുകാരന് മറക്കാന്‍ പാടില്ലാത്ത എല്ലാ ചരിത്രസന്ധികളിലും പത്രോസിനുണ്ടായിരുന്ന പങ്കില്‍ അഭിമാനമുണ്ട് കൊച്ചുമകന്. പക്ഷെ അദ്ദേഹം നേരിട്ട അവഗണനയുടെ എണ്ണമറ്റ കഥകള്‍ കേള്‍ക്കുമ്പോഴും അതെല്ലാം ശരിയല്ലെന്ന പക്ഷക്കാരനാകാനും റോസല്‍ രാജിന് സാധിക്കും. യുവജന പ്രസ്താനത്തെ നയിക്കാന്‍ പാര്‍ട്ടി തനിക്ക് അവസരം നനല്‍കിയത് പത്രോസിന് കൂടിയുള്ള അംഗീകാരമായി റോസല്‍ രാജ് കരുതുന്നു. ആ ഉത്തരവാദിത്തം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുകയെന്ന ലക്ഷ്യമാണ് കെ.വി പത്രോസിനോട് തനിക്ക് കാട്ടാനാവുന്ന ഏറ്റവും വലിയ നീതിയെന്നും ഈ കൊച്ചുമകന്‍ പറയുന്നു.