

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട ജലവൈദ്യുതി പദ്ധതികളോട് മുഖം തിരിച്ചു കെഎസ്ഇബി. ഉയർന്ന വില നൽകി സംസ്ഥാനത്തിനു പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്ന സമീപനമാണ് കെഎസ്ഇബിയും സർക്കാരും സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ച വില ചെറുകിട പദ്ധതികൾക്ക് നൽകുന്നില്ലെന്നും പരാതിയുണ്ട്.
നായനാർ സർക്കാരിന്റെ കാലം മുതൽ ചെറുകിട ജലവൈദ്യുത പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സർക്കാരുകൾ തുടർന്നുവന്നത്. എന്നാൽ പോയ വർഷങ്ങളിൽ സർക്കാരിന് മുമ്പിൽ അപേക്ഷ നൽകിയ ഒൻപത് ചെറുകിട ജലവൈദ്യുതി പദ്ധതികൾ കടലാസിൽ ഒതുങ്ങി. ഇവയൊന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയല്ല എന്നതാണ് ശ്രദ്ധേയം.
സംസ്ഥാനത്ത് കെഎസ്ഇബിയുടെ കീഴിൽ 25 ചെറുകിട പദ്ധതികളാണ് ഉള്ളത്. മണിയാർ, കുത്തുങ്കൽ, കരിക്കയം, ആനക്കാംപൊയ്യിൽ, ഇരുട്ടുകാനം, മുക്കുടം, പാലക്കയം തുടങ്ങി സ്വകാര്യ മേഖലയിൽ 14 പദ്ധതികളിലായാണ് വൈദ്യുതി ഉൽപ്പാദനം. സ്വകാര്യ മേഖലയിൽ നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങുമ്പോൾ റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ച വില നൽകുന്നില്ലെന്ന് സംരംഭകർ പറയുന്നു.
ചെറുതും വലുതുമായ നിരവധി നദികളും വെള്ളച്ചാട്ടങ്ങളും ഉള്ള കേരളത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് സാധ്യതകൾ ഏറെയാണ്. എന്നാൽ പുറത്തുനിന്ന് അമിത നിരക്കിൽ വൈദ്യുതി വാങ്ങി കമ്മീഷൻ കൊയ്യുന്ന ലോബികളാണ് ഇത്തരം പദ്ധതികളെ ഇല്ലാതാക്കുന്നതെന്നാണ് ആക്ഷേപം.