

തിരുവനന്തപുരം: സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള 3400 കോടിയുടെ ടെൻഡർ നടപടികളിലെ നിഗൂഢ നീക്കം എന്ന ന്യൂസ് മലയാളം വാർത്തയോട് പ്രതികരിച്ച് കെഎസ്ഇബി. ടെൻഡർ നടപടിക്രമങ്ങൾ പാലിച്ചെന്ന് കെഎസ്ഇബി വിശദീകരിച്ചു.
എല്ലാ ബിഡ്ഡർമാർക്കും ലഭിക്കുന്നത് തുല്യമായ പരിഗണനയാണ്. ടെൻഡറിൽ പങ്കെടുത്ത കമ്പനികളിൽ ഒന്ന് മാത്രമാണ് അദാനി ഗ്രൂപ്പെന്ന് കെഎസ്ഇബി എഫ്ബി പോസ്റ്റിൽ വിശദീകരിച്ചു. പിണറായി-സതീശൻ സർക്കാരുകളുടെ ഇടവേളയിൽ അദാനി എനർജി സൊലൂഷ്യൻ പങ്കെടുത്ത ടെൻഡർ നടപടിക്രങ്ങളിൽ ഉദ്യോഗസ്ഥർ ദുരൂഹമായ തിടുക്കം കാട്ടിയെന്നായിരുന്നു ന്യൂസ് മലയാളം വാർത്ത.
അതേസമയം ഒരു ഫയലും തൻ്റെ മുന്നിൽ വന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ചട്ട വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും വൈദ്യുത മന്ത്രി പറഞ്ഞു.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കെ എസ് ഇ ബിയിലെ 3400 കോടിയുടെ കൂറ്റൻ കരാറിൽ നിഗൂഡനീക്കം’ എന്ന തരത്തിൽ ന്യൂസ് മലയാളം 24/7 ചാനൽ കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണ്.
ഭാരത സർക്കാരിന്റെ ധനകാര്യ മന്ത്രാലയം 2025 ഒക്ടോബർ 2ന് പുറപ്പെടുവിച്ച അധിക കടമെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം (Office Memorandum related to additional borrowing guidelines), എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്റെ അധിക വായ്പാ പരിധി (GSDP-യുടെ 0.5%) പ്രയോജനപ്പെടുത്തുന്നതിനുള്ള നിർബന്ധിത പ്രാഥമിക വ്യവസ്ഥയായിരുന്നു.
ഈ നിബന്ധനകൾക്കനുസൃതമായി 35 ലക്ഷം പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ കെ.എസ്.ഇ.ബി.യോട് നിർദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള 35 ലക്ഷം മീറ്റർ മാറ്റിവെക്കലുകളും, അടുത്ത 7 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന 15 ലക്ഷം പുതിയ കണക്ഷനുകളും ഉൾപ്പെടെ ആകെ 50 ലക്ഷം സ്മാർട്ട് മീറ്ററുകളുടെ രണ്ടാം ഘട്ട പദ്ധതി തയ്യാറാക്കിയത്. ഒന്നാം ഘട്ട പദ്ധതിക്ക് സമാനമായി രണ്ടാം ഘട്ട പദ്ധതിയിലും മീറ്ററുകൾ സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം കെ.എസ്.ഇ.ബിക്കാണ്.
സംസ്ഥാന സർക്കാരിന്റെ G.O.(Ms)No.2/2026/POWER തീയതി 05-01-2026 ഉത്തരവ് പ്രകാരമാണ് രണ്ടാം ഘട്ട പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിച്ചത്. തുടർന്ന്, 14-01-2026-ൽ ചേർന്ന കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് യോഗം [B.O.(DB) No. 53/2026 (KSEBL/CE/IT/PD/21/2025-AE3-Part(1)) തീയതി: 06-02-2026] പദ്ധതിക്കായി 3,260 കോടി രൂപയുടെ ഭരണാനുമതി നൽകുകയും , ഇതിൻപ്രകാരം 17-01-2026-ൽ സുതാര്യമായി ഇ-ടെണ്ടർ പ്രസിദ്ധീകരിക്കുകയും ചെയ്തു. G.O.(Ms)No.5/2026/POWER Dated,Thiruvananthapuram, 13-03-2026 പ്രകാരം സ്മാർട്ട് മീറ്റർ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു.
ടെക്നിക്കൽ ബിഡ് തുറക്കുന്ന തീയതി നേരത്തെ തന്നെ ഈ-ടെണ്ടർ സൈറ്റിൽ മുൻകൂർ ആയി ലഭ്യമാക്കിയതും എല്ലാ ബിഡർമാർക്കും ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുള്ളതുമാണ്. എല്ലാ നിയമപരമായ അംഗീകാരങ്ങളും വാങ്ങി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ തുടക്കം കുറിച്ച ഈ ടെണ്ടർ നടപടികളെ, നിലവിൽ പുതുതായി അധികാരത്തിൽ വന്ന സർക്കാരുമായി ബന്ധപ്പെടുത്തി വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് തികച്ചും ദുരുദ്ദേശ്യപരമാണ്.
കാപ്പക്സ് മാതൃകയിലുള്ള ഈ ടെണ്ടറിന് രാജ്യത്തെ സ്മാർട്ട് മീറ്റർ രംഗത്തെ പ്രമുഖരായ 11 വൻകിട കമ്പനികളിൽ നിന്നാണ് പങ്കാളിത്തം ലഭിച്ചത്. ഇതിൽ പങ്കെടുത്ത പല കമ്പനികളിൽ ഒന്ന് മാത്രമാണ് അദാനി എനർജി സൊലൂഷൻസ്. ടെണ്ടർ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ ബിഡർമാർക്കും പൂർണ്ണമായും തുല്യമായ മുൻഗണന മാത്രമാണ് ലഭിക്കുന്നത്. 2026 മേയ് 15-നാണ് ഇതിന്റെ സാങ്കേതിക ബിഡ് തുറന്നത്. നിലവിൽ കമ്പനികളുടെ സാങ്കേതിക രേഖകളൂം അവർ സമർപ്പിച്ച സാമ്പിൾ മീറ്ററുകളുടെ ലബോറട്ടറി പരിശോധനകളും പുരോഗമിക്കുകയാണ്.
ഈ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കുന്നവരുടെ സാമ്പത്തിക ബിഡ് (Financial Bid) 2026 ജൂലൈ മാസത്തിൽ തുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2027 ജനുവരി മുതൽ ഫീൽഡ് തലത്തിൽ മീറ്ററുകൾ സ്ഥാപിച്ചു തുടങ്ങാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്മാർട്ട് മീറ്റർ വിന്യാസത്തിൽ കൃത്യമായ പുരോഗതിയുണ്ടാകാത്ത പക്ഷം, വൈദ്യുതി വിതരണ ശൃംഖലകളുടെ നവീകരണത്തിനായി RDSS പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള മറ്റ് 'ലോസ് റിഡക്ഷൻ' പ്രവൃത്തികൾക്കുള്ള 60% കേന്ദ്ര ഗ്രാൻ്റ് തടഞ്ഞുവെക്കപ്പെടുമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രാലയവും RDSS നോഡൽ ഏജൻസി ആയ പവർ ഫിനാൻസ് കോർപ്പറേഷനും (PFC) അറിയിച്ചിട്ടുണ്ട്.
രണ്ടാം ഘട്ട സ്മാർട്ട് മീറ്റർ പദ്ധതിയുടെ വർക്ക് ഓർഡർ അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് പവർ ഫിനാൻസ് കോർപ്പറേഷൻ കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയിട്ടുള്ളതുമാണ്. കൂടാതെ, വരും സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട ഏകദേശം 7,000 കോടി രൂപയോളം വരുന്ന അധിക കടമെടുപ്പ് പരിധി പൂർണ്ണമായി നേടിയെടുക്കുന്നതിനും ഈ പദ്ധതി നിശ്ചിത സമയത്തിനകം നടപ്പിലാക്കേണ്ടതുണ്ട്. സ്മാർട്ട് മീറ്റർ പദ്ധതിയുടെ രണ്ടാം ഘട്ട വർക്ക് ഓർഡർ സമയബന്ധിതമായി നൽകിയില്ലെങ്കിൽ സംസ്ഥാനത്തിന് ഈ വൻ തുകയുടെ അധിക കടമെടുപ്പ് പൂർണ്ണമായും ലഭിക്കാതാവുകയും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തേക്കാം.
സർക്കാർ നിർദ്ദേശപ്രകാരം ചെലവ് കുറഞ്ഞ 'കാപ്പക്സ്' മാതൃക സ്വീകരിച്ച്, ആദ്യഘട്ടമായി 3 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള ടെണ്ടർ നടപടികൾ കെ.എസ്.ഇ.ബി സ്വീകരിച്ചിരുന്നു. ഫീഡറുകൾ, ട്രാൻസ്ഫോർമറുകൾ, അതിർത്തി മീറ്ററുകൾ, ഹൈടെൻഷൻ ഉപഭോക്താക്കൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയായിരുന്നു ഈ ഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. മുൻപത്തെ ടോട്ടക്സ് ടെണ്ടറിനെ അപേക്ഷിച്ച് വൻതോതിൽ തുക കുറഞ്ഞ നിരക്കിലാണ് ഇതിൽ കരാർ ഉറപ്പിച്ചത്. കെ.എസ്.ഇ.ബി നേരിട്ട് മീറ്റർ സ്ഥാപന പ്രവൃത്തികൾ ഏറ്റെടുത്തതും , സ്വന്തം ഡാറ്റാ സെന്ററിലെ അധിക സംഭരണശേഷി പ്രയോജനപ്പെടുത്തിയതും ചെലവ് വീണ്ടും കുറയ്ക്കാൻ സഹായിച്ചു.
ഈ ഒന്നാം ഘട്ട വിന്യാസം ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് സ്മാർട്ട് മീറ്റർ സ്ഥാപിക്കലിൻ്റെ രണ്ടാം ഘട്ട കരാർ നടപടികളുമായി കെ എസ് ഇ ബി മുന്നോട്ട് പോകുന്നത്. ഇത്രയേറെ സുതാര്യമായും നിയമവിധേയമായും നടന്ന ഒരു കരാർ നടപടിയെപ്പറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും കെ.എസ്.ഇ.ബിയുടെ സാങ്കേതികമായ പുരോഗതിക്കും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനും അത്യന്താപേക്ഷിതമായ ഈ പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകുന്നതിൽ നിന്നും ബന്ധപ്പെട്ട മാധ്യമങ്ങൾ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു.