

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രി കെഎസ്ഇബിയോട് നിര്‍ദേശിച്ചു. യൂണിറ്റിന് 12.50 രൂപ അല്ലെങ്കില്‍ 13 രൂപ നിരക്കില്‍ മാത്രമേ വൈദ്യുതി ലഭിക്കൂവെന്ന് കെഎസ്ഇബി അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സെപ്റ്റംബർ മാസത്തിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഇതേ മാർഗമുള്ളൂ എന്നാണ് വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയുമായും കെഎസ്ഇബി ചെയർമാനുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഒക്ടോബർ മുതല്‍ വൈദ്യുതി ലഭ്യതയ്ക്ക് ഹ്രസ്വകാല കരാറുകള്‍ ആയതായും കെഎസ്ഇബി അറിയിച്ചു.
നേരത്തെ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഒക്ടോബർ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്. ശരാശരി 10.04 രൂപ വരെ നൽകി വൈദ്യുതി വാങ്ങാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ പീക്ക് സമയങ്ങളില്‍ 12.50 രൂപയ്ക്കു വരെ വൈദ്യുതി വാങ്ങാനുമാണ് കമ്മീഷന്‍ അനുമതി നല്‍കിയത്. 2027 മെയ് വരെയുള്ള കരാറുകള്‍ക്കാണ് അനുമതി. അതേസമയം, രാജ്യത്തെ വൈദ്യുതി പ്രതിസന്ധിയുടെ ഘട്ടത്തിലാണ് അനുമതിയെന്നും, ഇത് കീഴ്വഴക്കമാക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും സംസ്ഥാനത്ത് അത് രൂക്ഷമാണെന്നും മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല. വൈദ്യതി ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളത്. ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ് നിർബന്ധിതരായിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി ബോർഡ് ചെയർമാനുമായി ചർച്ച നടത്തി. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.