

വരുമാനത്തിൽ 10 കോടി ക്ലബ്ബിൽ തുടർന്ന് കെഎസ്ആർടിസി. പ്രതിദിന കളക്ഷനിൽ 11.71 കോടി രൂപയാണ് ഇന്നലെത്തെ വരുമാന നേട്ടം. രണ്ടാമത്തെ ഉയർന്ന കളക്ഷൻ റെക്കോർഡ് ആണിത്. ജനുവരി അഞ്ചിന് എക്കാലത്തെയും ഉയർന്ന വരുമാനമായ 13.01 കോടി രൂപ കളക്ഷൻ നേട്ടം കെഎസ്ആർടിസി സ്വന്തമാക്കിയിരുന്നു.
ആകെ 1.6 കോടി യാത്രക്കാരുടെ വർധനവാണ് കെഎസ്ആർടിസിയിൽ ഉണ്ടായത്. സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുന്നതിന് കെഎസ്ആർടിസി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്ക്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന് തെളിവാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറയുന്നു. മികച്ച വരുമാനത്തിൽ ജീവനക്കാർക്ക് നന്ദി അറിയിച്ച മന്ത്രി കെ.ബി. ഗണേഷ് കുമാർ, ജൈത്രയാത്ര ഇനിയും തുടരുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.