തൃശൂർ: യാത്രാമധ്യേ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തിയ ശേഷം ഡ്രൈവർ ജീവനൊടുക്കി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബു (45) ആണ് മരിച്ചത്. ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഇന്നലെ വൈകീട്ടോടെയാണ് സംഭവം. യാത്രക്കാരുമായി എത്തിയ ബസ് പെട്ടെന്ന് നിർത്തി ബാബു കണ്ടക്ടർക്ക് വാഹനത്തിൻ്റെ ചാവി നൽകുകയായിരുന്നു.
ഇന്നലെ വൈകീട്ട് 3.30ഓടെയാണ് സംഭവം. എറണാകുളത്ത് നിന്നും പാലക്കാടേക്ക് പോകുന്ന ബസിൻ്റെ ഡ്രൈവറായിരുന്നു ബാബു. പുതുക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും മണലിപ്പാലത്തിന് മുകളിലെത്തിയപ്പോൾ, പെട്ടെന്ന് വാഹനം നിർത്തുകയായിരുന്നു. പിന്നാലെ കണ്ടക്ടർക്ക് ചാവി നൽകി. ആരോഗ്യപ്രശ്നങ്ങളുണ്ട് എന്ന് പറഞ്ഞാണ് ബസിൽ നിന്നും ഇറങ്ങുന്നത്.
പിന്നാലെ ബാബു ഓടി മറയുകയായിരുന്നു. ബാബുവിൻ്റെ അസ്വഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ കണ്ടക്ടറും ബസ് യാത്രക്കാരും ഇയാളെ പിന്തുടർന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പുതുക്കാട് ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ബാബു മാനസിക സംഘർഷത്തിലാണെന്നാണ് സൂചന.