കോഴിക്കോട്: മുൻ ഡിസിപിക്കെതിരെ ആരോപണവുമായി കെഎസ്‍യു നേതാവ് ജോയൽ ആൻ്റണി. കരിങ്കൊടി പ്രതിഷേധത്തിനിടെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ഡിസിപിക്കെതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ജോയൽ ആൻ്റണിയുടെ ആരോപണം. 2023ൽ നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിക്കെതിരെയാണ് ജോയൽ പ്രതിഷേധം സംഘടിപ്പിച്ചത്. ആ സമയത്ത് ഡിസിപി ആയിരുന്ന കെ.ഇ. ബൈജുവാണ് ജോയലിന്റെ കഴുത്തു ഞെരിച്ചത്.
രണ്ടുവർഷം മുമ്പുള്ള സംഭവമാണെങ്കിലും ജോയലിന് ആ നടുക്കം ഇനിയും മാറിയിട്ടില്ല. 2023 നവംബർ 25ന് കോഴിക്കോട് നവ കേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ കരികൊടി പ്രതിഷേധത്തിനിടയിലാണ് അന്നത്തെ ഡിസിപി. കെ ഇ. ബൈജു, ജോയലിൻ്റെ കഴുത്തിന് പിടിച്ചത്. അതൊരു വെറും പിടുത്തമായിരുന്നില്ലെന്ന് ഇപ്പോഴും ഞെട്ടലോടെ ജോയൽ ഓർക്കുന്നുണ്ട്.
കെ. ഇ. ബൈജു കഴുത്തിന് പിടിച്ച് ഞെരിച്ചതോടെ മരിച്ചു പോകുമെന്ന് കരുതിയെന്ന് ജോയൽ ആൻ്റണി പറയുന്നു. ശ്വാസം മുട്ടി നാവ് പുറത്തേക്ക് വന്നിരുന്നു. മറ്റൊരു പൊലീസുകാരനാണ് ബലംപ്രയോഗിച്ച് ഡിസിപി യുടെ കൈ പിടിച്ചു മാറ്റിയത്. ആരോപിതനായ ഉദ്യോഗസ്ഥൻ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നുവെന്നും എന്നാൽ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജോയൽ വ്യക്തമാക്കി.
അന്ന് മറ്റു നിരവധി കെഎസ് യു നേതാക്കൾക്കും പരിക്കേറ്റിരുന്നു. തന്നെ അന്യായമായി ആക്രമിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ജോയൽ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ആദ്യഘട്ടത്തിൽ സജീവമായി ഇടപെട്ടിരുന്ന മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടലും പിന്നീട് മന്ദഗതിയിലായി. കഴിഞ്ഞ ഡിസംബറിൽ ആണ് അവസാന ഹിയറിങ്ങിന് വിളിച്ചത്.പിന്നീട് കേസിനെക്കുറിച്ച് വിവരമില്ല. വിളിച്ച് അന്വേഷിക്കുമ്പോഴും, കൃത്യമായ മറുപടി മനുഷ്യാവകാശ കമ്മീഷൻ നൽകുന്നില്ലെന്നും, കമ്മീഷനും കേസിൽ നടപടി വൈകിപ്പിക്കുകയാണെന്നും ജോയൽ ആൻ്റണി ആരോപിച്ചു.
പൊലീസിന്റെ അധികാരത്തെ പേടിച്ച് പലരും പലതും പുറത്ത് പറയാൻ മടിക്കുകയാണ്. ആരെങ്കിലും പുറത്തു വന്നാൽ മാത്രമേ ഈ അനീതികൾക്ക് അവസാനം ഉണ്ടാകൂവെന്ന് ജോയൽ പറയുന്നു. കോഴിക്കോട് ഈസ്റ്റ് ഹിൽ കായികാധ്യാപക പരിശീലന കോളേജിൽ നാലാം വർഷ വിദ്യാർഥിയാണ് ആലപ്പുഴ സ്വദേശിയായ ജോയൽ ആൻ്റണി.