
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
നവകേരളത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന സര്‍ക്കാര്‍ കേരളത്തിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ പറ്റിയും, വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയും പരിശോധിച്ച് പരിഹാരം കാണുകയാണ് വേണ്ടതെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതിന്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങള്‍ മാറുകയാണ്.
വര്‍ഷങ്ങളായി ഈ വൈദ്യുതി ലൈന്‍ സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നാണ് കിടക്കുന്നതെന്നും ലൈന്‍ കമ്പി മാറ്റുന്നതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെവ്യക്തമാക്കിയിട്ടുണ്ട്. മിഥുന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌കൂള്‍ മാനേജ്‌മെന്റ് അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നേരത്തെ, കെഎസ്ഇബിക്ക് വിവരം നല്‍കിയിരുന്നുവെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റും പറയുന്നത്. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കും അവസരം നല്‍കാന്‍ പാടില്ല.
വിദ്യാര്‍ഥിക്ക് ഷോക്കേറ്റ ഇരുമ്പ് ഷീറ്റില്‍ നിന്ന് കൈയ്യെത്തുന്ന ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെടുന്നത്. കുട്ടിയുടെ മരണത്തിന് കെഎസ്ഇബിയ്ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും വീഴ്ചയുണ്ടായിട്ടുണ്ട്. തേവലക്കര, മൈനാഗപ്പള്ളി പടിഞ്ഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്‌കൂള്‍ മാനേജര്‍. ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു.
സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചിരുന്നു. വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സ്‌കൂളിനോട് ചേര്‍ന്ന സൈക്കിള്‍ ഷെഡിന്റെ മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുമ്പ് ഷെഡുമായി വലിയ ദൂരവ്യത്യാസമില്ലാതെ കിടന്ന വൈദ്യുത കമ്പിയില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റത്. സ്‌കൂള്‍ ആരംഭിക്കാത്ത സമയമായതിനാല്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദധയിലും ഇത് പതിഞ്ഞിരുന്നില്ല. പിന്നീട് വിദ്യാര്‍ഥികള്‍ പറയുമ്പോഴാണ് സംഭവം അധികൃതര്‍ അറിയുന്നത്.