കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ എസ്ഐടിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രിയെ പിടികൂടുന്നതിൽ കാണിച്ച ആവേശം പ്രതിക്കൂട്ടിലായ രാഷ്ട്രീയക്കാരോട് കാണിക്കുന്നില്ലെന്ന് കുമ്മനം ഹലോ മലയാളം ലീഡേഴ്സ് മോണിങ്ങിൽ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനേയും കെ.പി. ശങ്കർദാസിനേയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും കുമ്മനം ചോദിച്ചു. വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നതാണ് തന്ത്രിയുടെ അറസ്റ്റെന്നും കുമ്മനം ചൂണ്ടിക്കാട്ടി. സ്വർണക്കൊള്ളയിലെ കൂട്ടുകച്ചവടക്കാർ ഇപ്പോഴും പുറത്താണ്. തന്ത്രി ജയിലിലാകുന്നതിൽ ഭക്തർ നിരാശയുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
തന്ത്രിയെ മാത്രം കുരുക്കുന്നതിന് പിന്നിലെ ചേതോഹാരം എന്താണ് എന്ന് അറിയണം. തന്ത്രി ഭരണാധികാരി അല്ലല്ലോ എന്നും,ആചാരവുമായി മാത്രം ബന്ധമുള്ള തന്ത്രിയെ അറസ്റ്റ് ചെയ്യുന്നു എന്നും കുമ്മനം വ്യക്തമാക്കി. അതേസമയം, തന്ത്രി നിരപരാധിയാണെന്ന് പറയാൻ താൻ ആളല്ലെന്നും അന്വേഷണത്തിൻ്റെ ദിശ എങ്ങോട്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ എന്നും കുമ്മനം പറഞ്ഞു.
പോറ്റിയുമായി ബന്ധമുള്ള കോൺഗ്രസ് നേതാക്കളെ എന്തുകൊണ്ടാണ് നിയമത്തിന് മുന്നിൽ കൊണ്ടുവരാത്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം എസ് ഐ ടി അന്വേഷിച്ചില്ല. സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡാണ് കുറ്റക്കാരെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
"നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വലമായ വിജയം നേടും. അത് കേരള ചരിത്രത്തിലെ തന്നെ വഴിത്തിരിവാകും. എൽഡിഎഫിനെയും യുഡിഎഫിനെയും ജനം തളളിക്കളയും. ഇപ്പോൾ മാറാട് കലാപം ചർച്ച ചെയ്യപ്പെടുന്നത് ദുരുദ്ദേശ്യത്തോടെയാണ്. ഹിന്ദു മനസിനെ സ്വാധീനിക്കാനുള്ള നീക്കമാണ് ഇതിനുപിന്നിൽ. എൽഡിഎഫിന് ഭരണം കിട്ടിയാൽ എസ്ഡിപിഐ ആയിരിക്കും ആഭ്യന്തര മന്ത്രി. ഹിന്ദുക്കൾക്ക് ഹിന്ദു വിരുദ്ധർ ആരെന്ന് നന്നായി അറിയാം. മുഖ്യമന്ത്രിയുടെയും എ. കെ. ബാലൻ്റെയും ജൽപ്പനങ്ങൾ ഹിന്ദുക്കൾ വിശ്വസിക്കില്ല. എല്ലാം വോട്ട് തട്ടാനുള്ള ശ്രമം മാത്രമാണ്", കുമ്മനം കൂട്ടിച്ചേർത്തു.