പാലക്കാട്: വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകനെതിരെ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ശിശുക്ഷേമ സമിതി. കൂടുതൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് നിർദേശം നൽകി. അധ്യാപകനെതിരായ പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് പൊലീസിന് നിർദേശം നൽകിയതായും ശിശുക്ഷേമ സമിതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, അധ്യാപകന്റെ ഫോണില്‍ നിന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നതായി കുട്ടികളും മൊഴി നല്‍കിയിട്ടുണ്ട്. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചു. അധ്യാപകന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
സിഡബ്ല്യുസി നടത്തിയ കൗണ്‍സിലിങ്ങിലാണ് അഞ്ച് കുട്ടികള്‍ കൂടി അധ്യാപകനെതിരെ രംഗത്ത് വന്നത്. കുട്ടികള്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ പരാതികള്‍ വരാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ എഇഒ റിപ്പോര്‍ട്ട് പ്രകാരം വന്നിരുന്നു. വിവരം പൊലീസിനെ അറിയിക്കുന്നതില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്നും അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.