
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് അപേക്ഷകള്‍. എറണാകുളം ജില്ലയില്‍ മാത്രം അര ലക്ഷത്തിലേറെ അപേക്ഷകളാണ് തീര്‍പ്പാവാതെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്. ആവശ്യത്തിന് നോഡല്‍ ഓഫീസര്‍മാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പലകുറി ഓര്‍മിപ്പിച്ച ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് ഫയലുകള്‍ തീര്‍പ്പാകാതെ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത്. റവന്യൂ വകുപ്പാണ് ഏറ്റവും വേഗതയില്‍ ഫയലുകള്‍ തീര്‍പ്പാക്കുകയും ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമി തിട്ടപ്പെടുത്തി ഓരോ വ്യക്തികള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും അവകാശപ്പെടുമ്പോഴാണ് ഈ ഗുരുതര വീഴ്ച.
സംസ്ഥാനത്താകെ ലക്ഷക്കണക്കിന് ഭൂമി തരം മാറ്റല്‍ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കാത്തിരിക്കുന്നത്. അറുപതിനായിരത്തോളം അപേക്ഷകളാണ് ജില്ലയില്‍ മാത്രം തീര്‍പ്പാകാതെ കിടക്കുന്നത്. തിരുവനന്തപുരം 17814, കൊല്ലം 3218, പത്തനംതിട്ട 9641, ആലപ്പുഴ 20618, കോട്ടയം 9681, എറണാകുളം 60873, ഇടുക്കി 6514, തൃശ്ശൂര്‍ 39684, പാലക്കാട് 27512, മലപ്പുറം 7379, കോഴിക്കോട് 24919, വയനാട് 6485, കണ്ണൂര്‍ 17776, കാസര്‍ഗോഡ് 9762 ഫയലുകളാണ് ഇനിയും തീര്‍പ്പാകാതെ കിടക്കുന്നത്.
ജനസമ്പര്‍ക്ക പരിപാടിയില്‍ ഉള്‍പ്പെടെ പരാതി നല്‍കി പരിഹാരം നിര്‍ദ്ദേശിച്ച ഫയലുകള്‍ ഉള്‍പ്പെടെ ഇപ്പോഴും തട്ടിന്‍ പുറങ്ങളില്‍ ഉറങ്ങുകയാണ്. വീട് നിര്‍മാണ ആവശ്യത്തിനായി അപേക്ഷ നല്‍കി വര്‍ഷങ്ങളായി വില്ലേജ് താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങുന്ന പലരുമുണ്ട്. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി എന്നാണ് റവന്യൂ വകുപ്പിന്റെ പക്ഷം. 2002 ല്‍ ഭൂമി തരം മാറ്റല്‍ അതിവേഗം തീര്‍പ്പാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും അതും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ആയിരത്തോളം ജീവനക്കാരെ പുനര്‍ വിന്യസിച്ച് അപേക്ഷകള്‍ തീര്‍പ്പാക്കാനായിരുന്നു പദ്ധതി. ഇതിന്റെ ചിലവിനായി 50 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് പാസാക്കാത്തതോടെയാണ് പദ്ധതി പാളിയത്. ക്ലര്‍ക്കുമാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, സര്‍വെയര്‍മാര്‍, ഫീല്‍ഡ് ഇന്‍സ്‌പെക്ടര്‍മാര്‍, തുടങ്ങിയവരെ നിയമിക്കാത്തതും ഫീല്‍ഡ് പരിശോധനയ്ക്ക് ആവശ്യമായ വാഹനങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതല്‍ ജീവനക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടും. ഇതോടെ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം ഇനിയും കുറയും. ഇത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകും