

കോഴിക്കോട്: 2018 ൽ നടന്ന ദേശീയ വോളിബോൾ ചാംപ്യൻഷിപ്പിൻ്റെ മറവിൽ നടന്നത് വൻ ക്രമക്കേട്. വ്യാജ കണക്കുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് വിജിലൻസിൻ്റെ റിപ്പോർട്ട്. ഭക്ഷണ ചെലവിൻ്റെ പേരിൽ ഉൾപ്പെടെ വൻ തുക തട്ടിയെടുത്തുവെന്നും കണ്ടെത്തലുണ്ട്.
സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ലീഗ് നേതാവ് നാലകത്ത് ബഷീർ തുടങ്ങി അഞ്ച് പേരാണ് കേസിൽ പ്രതികൾ. കഴിഞ്ഞദിവസം നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
വിജിലൻസിൻ്റെ ശുപാർശ പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 10 ഓളം ക്രമക്കേടുകളാണ് വിജിലൻസ് കണ്ടെത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2022ലാണ് വിജിലൻസ് കേസെടുക്കാൻ ശുപാർശ നൽകിയത്. എന്നാൽ കേസെടുക്കാതെ പൊലീസ് അലംഭാവം കാണിക്കുകയായിരുന്നുവെന്നാണ് വിവരം.
കള്ള വൗച്ചർ ഉണ്ടാക്കി പലരുടെയും അക്കൗണ്ടിലേക്ക് വൻ തുകയാണ് മാറ്റിയത്. കായികതാരങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയെന്ന് കാട്ടി സത്യൻ എന്നയാൾ വൻ തുകയാണ് അട്ടിമറിച്ചത്. ആരാധന ടൂറിസ്റ്റ് ഹോമിൻ്റെ മാനേജറാണ് ഇയാൾ. കായിക താരങ്ങൾ യഥാർത്ഥ്യത്തിൽ താമസിച്ചത് സാസ് റസിഡൻസിലാണ് എന്നാണ് വിജിലൻസ് റിപ്പോർട്ട്.
ചെയ്യാത്ത സേവനത്തിനാണ് ഇയാൾ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇതിനായി വ്യാജ വൗച്ചർ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നരക്കോടിയുടെ തട്ടിപ്പാണ് വിജിലൻസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. അടുത്തിടെ വീണ്ടും വിജിലൻസ് ശുപാർശ പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വിജിലൻസ് റിപ്പോർട്ടിന് പുറമെ ഫുട്ബോൾ താരം ജിമ്മി ജോർജിൻ്റെ സഹോദരനും കായികതാരവുമായ സെബാസ്റ്റ്യൻ ജോർജും പരാതി കൊടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി എടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.