അൻവർ കെഎഫ്‌സിയില്‍ 12 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്ന് പരാതി; കേസെടുത്ത് വിജിലന്‍സ്

ഇന്നത്തെ പ്രധാന വാർത്തകൾ
പിവി അൻവർ
പിവി അൻവർSource: FB

'വോട്ട് ചോരി' വിവാദങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിൽ

വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്ന് 9 മണിയോടെ തൃശൂരിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. തൃശൂർ കമ്മീഷണർ ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധമാർച്ച് രാവിലെ പത്തരയ്ക്ക് നടക്കും. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഗതാഗതകുരുക്ക്. തടി കയറ്റി വന്ന ലോറി ആറാം വളവിൽ കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. ചെറിയ വാഹനങ്ങൾക്ക് മാത്രമേ കടന്നു പോകാൻ സാധിക്കുന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു വരുന്നു. വലിയ വാഹനങ്ങൾ അടിവാരത്ത് തടഞ്ഞു വെച്ചിരിക്കുകയാണ്.

യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ: നിർണായക ചർച്ചകളിൽ വൊളോഡിമർ സെലൻസ്‌കിക്ക് ക്ഷണമില്ല

യുക്രയ്ൻ-റഷ്യ വെടിനിർത്തലിനായുള്ള നിർണായക ചർച്ചകളിൽ വൊളോഡിമർ സെലൻസ്‌കിക്ക് ക്ഷണമില്ല. അലാസ്കയിൽ നടക്കുന്ന ഉച്ചകോടിയിലാണ് യുക്രെയ്ൻ പ്രസിഡൻ്റിനെ ഒഴിവാക്കിയത്. ഉച്ചകോടിയിൽ പുടിൻ- ട്രംപ് കൂടിക്കാഴ്ച മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നാണ് പുറത്തുവരുന്ന വിവരം

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഉണ്ണികൃഷ്ണനും ഇരട്ട വോട്ട്

ബിജെപി ജില്ലാ നേതാവിൻ്റെ മേൽവിലാസം മറയാക്കി സംസ്ഥാന വൈസ് പ്രസിഡൻ്റും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു . മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണനാണ് വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചെയ്തത്. എന്നാൽ തൃശൂരിൽ മാത്രമാണ് വോട്ട് ചെയ്തതെന്നും മലപ്പുറത്ത് വോട്ട് ചെയ്തിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം.

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി

മലപ്പുറത്ത് പ്രവാസിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടു പോകലിന് കാരണമെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

വിഭജന ഭീതി ദിനാചരണം ആചരിക്കാൻ നിർബന്ധിക്കരുത്: വീണ്ടും കത്തയച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

വിഭജന ഭീതി ദിനാചരണം ആചരിക്കാൻ നിർബന്ധിക്കരുത് ചൂണ്ടിക്കാട്ടി വീണ്ടും കത്തയച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. ഇത്തരം നടപടികൾ സമൂഹത്തിൻ്റെ ഐക്യവും സമാധാനവും ഇല്ലാതാകുമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തെ സർവകലാശാല വി.സിമാർക്ക് കത്തയച്ചിരിക്കുന്നത്. നിർദേ ശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർക്കും കഴിഞ്ഞദിവസം കമ്മിറ്റി കത്തയച്ചിരുന്നു

രാജസ്ഥാനിൽ ട്രക്കും വാനും കൂട്ടിയിടിച്ച് അപകടം; 10 മരണം

രാജസ്ഥാനിലെ ദൗസ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. വാനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് കുട്ടികളടക്കം പത്തുപേരാണ് മരിച്ചത്

റേഷൻ കട പൂട്ടിക്കാൻ എത്തിയ സപ്ലൈകോ ഉദ്യോഗസ്ഥനെതിരെ കേസ്

കോതമംഗലത്ത് റേഷൻ കട പൂട്ടിക്കാൻ എത്തിയ സപ്ലൈകോ ഉദ്യോഗസ്ഥനെതിരെ കേസ്. ഇരമല്ലൂരിൽ വൈകി തുറന്ന റേഷൻ കട പൂട്ടിക്കാനെത്തിയ ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജോലി സമയത്ത് മദ്യപിച്ചെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

സോനയുടെ മരണം; റമീസിന്റെ മാതാപിക്കാൾക്കെതിരെ കൂടുതൽ തെളിവ് ശേഖരിച്ച് പൊലീസ് 

കോതമംഗലത്ത് 23 കാരി സോനയുടെ മരണത്തിൽ പ്രതി റമീസിന്റെ മാതാപിക്കാൾക്കെതിരായ കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്. വാട്സ്ആപ്പ് ചാറ്റുകളടക്കം തെളിവായി കണ്ടെത്തി. മാതാപിതാക്കൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും

മുക്കത്ത് വിദ്യാർഥിക്ക് നേരെ തെരുവ് നായ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുക്കത്ത് വിദ്യാർഥിക്ക് നേരെ തെരുവ് നായ ആക്രമണം. കുറ്റിപ്പാല പെട്രോൾ പമ്പിനു മുൻപിലൂടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെട്രോൾ പമ്പിലെ ജീവനക്കാരന്റെ സമയോചിത ഇടപെടലിലൂടെ കുട്ടിയെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചു

തൃശൂരിലെ ബിജെപി-സിപിഐഎം സംഘർഷം; 70 പേർക്കെതിരെ കേസ്

തൃശൂരിലെ സിപിഎം ബിജെപി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. 70 പേർക്കതിരെയാണ് കേസെടുത്തത്. 40 ബിജെപി പ്രവർത്തകർക്കും, 30 സിപിഐഎം പ്രവർത്തകർക്കു മെതിരെയാണ് കേസ്.

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ആറ് മാസത്തിനിടെ എട്ടാം തവണയാണ് ജയിലിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്നത്. ജയിൽ പുള്ളിയുടെ അടിവസ്ത്രത്തിൽ നിന്നാണ് ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തത്. ഒരെണ്ണം ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഐഎംഇഐ നമ്പർ മുഖേന ഫോൺ ഉടമയെ കണ്ടെത്താനായി മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.

"തിരുത്തിയ സർക്കുലർ അധികൃതരുടെ ആശങ്കകൾക്കുള്ള മറുപടി": വിശദീകരണവുമായി ഡോ. വി. ബിജു

വിഭജന ഭീതി ദിനാചരണ സർക്കുലറിൽ വിശദീകരണവുമായി രാജി വെച്ച കേരള സർവകലാശാല കൗൺസിൽ ഡയറക്ടർ ഡോ. വി. ബിജു. സർവകലാശാല നിർദേശപ്രകാരമാണ് ആദ്യ സർക്കുലർ അയച്ചതെന്നും, രണ്ടാം സർക്കുലർ, കോളേജ് അധികൃതരുടെ ആശങ്കൾക്കുള്ള മറുപടിയാണെന്നുമാണ് വി. ബിജുവിൻ്റെ വിശദീകരണം. സ്വമേധയാ സർക്കുലർ ഇറക്കാൻ തനിക്ക് അധികാരമില്ലെന്നും ഡോ. വി ബിജു ന്യൂസ് മലയാളത്തോട് പറഞ്ഞു. കേരള സർവകലാശാല ഫിസിക്സ് ഡിപ്പാർട്ട്മെൻറ് പ്രൊഫസർ കൂടിയാണ് ഡോ. വി ബിജു.

സജി നന്ത്യാട്ടിൻ്റെ ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ അനിൽ തോമസ്

സജി നന്ത്യാട്ടിൻ്റെ ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ നിർമാതാവ് അനിൽ തോമസ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചതിലാണ് നടപടി. സംഘടനയിൽ ആലോചിച്ച് ഇന്ന് തന്നെ കോടതിയെ സമീപിക്കാനും തീരുമാനമായി. വിവാദങ്ങൾക്കിടെ അടിയന്തര ഫിലിം ചേമ്പർ എക്സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും.

കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

ആലപ്പുഴയിൽ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. ഇരുചക്ര വാഹനത്തിൽ കഞ്ചാവുമായി പോകുമ്പോൾ പിടിയിലാവുകയായിരുന്നു.

വർക്കല ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിലും കൃഷിഭവനിലും മോഷണം

തിരുവനന്തപുരം വർക്കല ഗവൺമെൻ്റ് ഹോമിയോ ആശുപത്രിയിലും കൃഷിഭവനിലും മോഷണം. കൃഷിഭവനിൽ നിന്ന് ലാപ്ടോപ്പും പണവും നഷ്ടമായി. രജിസ്റ്റർ ബുക്കുകളും രേഖകളും നശിപ്പിച്ച നിലയിൽ. ഇരു സ്ഥാപനങ്ങളും ഒരേ കെട്ടിട്ടടത്തിലാണ് പ്രവർത്തിക്കുന്നത്. ആശുപത്രി ജീവനക്കാരാണ് മോഷണം പൊലീസിനെ അറിയിച്ചത്.

കോട്ടക്കലിൽ മിനി ലോറി, മറ്റൊരു ലോറിയിൽ ഇടിച്ച് അപകടം; ഒരു മരണം

മലപ്പുറം കോട്ടക്കൽ മമ്മാലിപ്പടിയിൽ വാഹനാപകടത്തിൽ ഒരു മരണം. മിനി ലോറി ഡ്രൈവർ വെളിമുക്ക് സ്വദേശി അഖിലാണ് മരിച്ചത്. മിനി ലോറി മറ്റൊരു ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ഒരാളുടെ നില ഗുരുതരമാണ്.

പാർക്കിങ്ങിനെ ചൊല്ലി തർക്കം; കാസർഗോഡ് 16കാരനെ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി

കാസർഗോഡ് മൗവ്വലിൽ 16 കാരനെ സംഘം ചേർന്ന് ആക്രമിച്ചെന്ന് പരാതി. മേൽപറമ്പ് കൈനോത്ത് സ്വദേശിക്കാണ് പരിക്കേറ്റത്. പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു ആക്രമണം.

കോട്ടയത്ത് സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി

കോട്ടയം മണർകാട് സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് വിവരം.

വയനാട് തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതിയിൽ പ്രത്യേക അന്വേഷണം

വയനാട് തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതിയിൽ പ്രത്യേക അന്വേഷണത്തിന് കളക്ടറുടെ നിർദേശം. ജോയിൻറ് പ്രോഗ്രാം കോർഡിനേറ്ററുടെ നേതൃത്വത്തിൽ അന്വേഷിക്കും. അഞ്ചുവർഷത്തെ പഞ്ചായത്തിലെ മൊത്തം തൊഴിലുറപ്പ് പ്രവർത്തികളും പരിശോധിക്കാനാണ് നിർദേശം

വിസി നിയമനം: ഗവർണർക്ക് തിരിച്ചടി 

വിസി നിയമനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് തിരിച്ചടി. സെര്‍ച്ച് കമ്മിറ്റിയെ സുപ്രീം കോടതി നിശ്ചയിക്കും. അഞ്ച് അംഗങ്ങളുടെ പേര് നല്‍കാന്‍ കോടതി നിര്‍ദേശം നൽകി.

തൃശൂരിലെ ബിജെപി മാർച്ചിൽ ആളിക്കത്തി പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമണത്തെ തുടർന്ന് തൃശൂരിൽ ആളിക്കത്തി പ്രതിഷേധം. തൃശൂർ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ ബിജെപി മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

വോട്ട് കൊള്ള ആരോപണം: വ്യാജ അഡ്രസ് പ്രൂഫില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

Harish Vasudevan
ഹരീഷ് വാസുദേവൻ്റെ ഫേസ്ബുക്ക് പോസ്റ്റ് Source: Facebook

വീട്ടുകാർ പോലും അറിയാതെ വ്യാജമായി അഡ്രസ് പ്രൂഫ് രേഖ ചമച്ചെങ്കിൽ, കേരളാ പൊലീസ് എന്തുകൊണ്ടാണ് ക്രിമിനൽ കേസ് എടുക്കാത്തത് എന്നാണ് അഡ്വ. ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചത്.

വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളലിൽ തീരുമാനം അറിയക്കണം; കേന്ദ്രത്തോട് കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളലിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി. തീരുമാനമറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി സെപ്റ്റംബർ 10 വരെ സാവകാശം നൽകി. വായ്പ്പാ എഴുതിത്തള്ളൽ ഏത് വരെയെത്തിയെന്ന കോടതിയുടെ ചോദ്യത്തിന് ചർച്ചകൾ നടക്കുകയാണ് ,അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് കേന്ദ്രം മറുപടി നൽകിയത്. അവസാനമായി ഒരു അവസരം കൂടി തരാമെന്ന് കോടതി പറഞ്ഞു.

കന്യാസ്ത്രീകളുടെ അറസ്റ്റ്; സിസ്റ്റർ പ്രീതിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ഛത്തീസ്ഗഢിൽ അതിക്രമത്തിന് ഇരയായ കന്യാസ്ത്രീയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിസ്റ്റർ പ്രീതിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച കേന്ദ്രമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. അതേസമയം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മൗനം മാത്രമായിരുന്നു മറുപടി.

കൊലപാതക കേസിൽ ഒളിംപ്യൻ സുശീൽ കുമാറിന് തിരിച്ചടി; ജാമ്യം റദ്ദാക്കി സുപ്രീംകോടതി

കൊലപാതക്കേസിൽ ഗുസ്തിതാരം ഒളിംപ്യൻ സുശീൽ കുമാറിന് തിരിച്ചടി. ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ കോടതി നിർദേശിച്ചു. 2021ൽ ഡൽഹിയിലെ സ്റ്റേഡിയത്തിൽ വച്ച് ജൂനിയർ ദേശീയ ചാംപ്യൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്ത്രീ തിരോധാന കേസ്: സെബാസ്റ്റ്യനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച്

സ്ത്രീ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച്. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ വകുപ്പും ഉൾപ്പെടുത്തി. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് നേരത്തെ ചുമത്തിയിരുന്നത്. അതേസമയം സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാവും.

കൊട്ടാരക്കരയിൽ കാണാതായ വീട്ടമ്മയെ പൊട്ടക്കിണറ്റിനുള്ളിൽ കണ്ടെത്തി

കൊല്ലം കൊട്ടാരക്കരയിൽ കാണാതായ വീട്ടമ്മയെ ഉഗ്രൻകുന്നിലെ പൊട്ടകിണറ്റിൽ കണ്ടെത്തി. 12 മണിക്കൂറോളം സമയം വീട്ടമ്മ പൊട്ടകിണറ്റിൽ കുടുങ്ങി കിടന്നു. ഔഷധമുണ്ടാക്കാൻ ഇല പറിക്കാൻ പോകുമ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം ചേർന്നില്ല

കേരള സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം ചേർന്നില്ല.14 അംഗങ്ങളുടെ യോഗത്തിൽ നാല് പേർ മാത്രമാണ് എത്തിയത്. എംഎൽഎ മാരും സർക്കാർ പ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ട് നിന്നു.

വയനാട്ടിലും 'വോട്ട് ചോരി'; കോൺഗ്രസിനെതിരെ ആരോപണവുമായി ബിജെപി

വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ കോൺഗ്രസിനെതിരെ ആരോപണവുമായി ബിജെപി. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലും വ്യാജ വോട്ടർമാരുണ്ടെന്നാണ് ആരോപണം. വോട്ട് ചോരിയുടെ പേരിൽ പ്രിയങ്ക ഗാന്ധി രാജിവെക്കുമോയെന്നും ബിജെപി നേതാവ് അനുരാഗ് താക്കൂർ ചോദിച്ചു.

വോട്ടർ പട്ടിക ക്രമക്കേട്: വിശദ പരിശോധനയ്ക്ക് തൃശൂർ ഡിസിസി

വോട്ടർ പട്ടിക ക്രമക്കേടിൽ വിശദ പരിശോധനയ്ക്ക് തൃശൂർ ഡിസിസി. തൃശൂർ നിയമസഭ മണ്ഡലത്തിലെ 17 ബൂത്തുകളിലെ പട്ടികയാണ് പരിശോധിക്കുന്നത്. ഈ ബൂത്തുകളിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് പരിശോധന

കോഴിക്കോട് ബസുകളിൽ ആർടിഒയുടെ മിന്നൽ പരിശോധന

കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ ബസുകളിൽ ആർടിഒയുടെ മിന്നൽ പരിശോധന. ആർടിഒയും പൊലീസും ചേർന്ന് മഫ്തിയിലാണ് പരിശോധന നടത്തിയത്.നിരന്തരം ഉണ്ടാകുന്ന അപകടങ്ങളെ തുടർന്നാണ് നടപടി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; സ്ഥാപന ഉടമയടക്കം പിടിയിൽ

ആലുവ കേന്ദ്രീകരിച്ച് മൈഗ്രിറ്റ് ഓവർസീസ് കൺസൾട്ടന്റ് ഏജൻസിയുടെ പേരിൽ നടന്നത് കോടിയുടെ തട്ടിപ്പുകൾ. സ്ഥാപന ഉടമ നിഷ, സഹായി ടോജി ഉൾപ്പടെ രണ്ടുപേരെ പൊലീസ് പിടികൂടി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തത് പണം തട്ടിയെന്ന ആലുവ സ്വദശി സാനു വർഗീസ് നൽകിയ പരാതിയിലാണ് നടപടി.

തിരുവനന്തപുരത്ത് സ്കൂളിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട സംഭവം:അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം തട്ടത്തുമല സ്കൂളിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട സംഭവത്തിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. സ്കൂളിലെ വിദ്യാർഥി നൽകിയ പരാതി പ്രിൻസിപ്പൽ പൊലീസിൽ കൈമാറിയില്ല എന്ന് ആരോപിച്ചാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്.

10 ഗ്രാം എംഡിഎംഎയുമായി കുസാറ്റ് എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികൾ പിടിയിൽ

കൊച്ചി കളമശ്ശേരിയിൽ എംഡിഎംഎയുമായി എഞ്ചിനീയറിങ് വിദ്യാർഥികൾ പിടിയിൽ. കുസാറ്റ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് പിടിയിലായത്. ഇവരിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കേരളത്തിൽ മാധ്യമ സ്വാതന്ത്യത്തിന് നിയന്ത്രണമില്ല: മുഖ്യമന്ത്രി

കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി. നിയന്ത്രിക്കാൻ സർക്കാർ നീക്കം നടത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേര പദ്ധതി ലോകബാങ്ക് ഇടപാടിനെ കുറിച്ച് പുറത്തുവന്ന മാധ്യമ വാർത്തയിൽ അന്വേഷണം ഉണ്ടാകും. ഇത് മാധ്യമങ്ങൾക്കെതിരാണെന്ന് വരുത്തി തീർക്കുന്നത് വ്യാജ പ്രചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവളത്ത് ലക്ഷങ്ങൾ മുടക്കി നവീകരിച്ച നടപ്പാത തകർന്നു; കൈവരിയും പൊട്ടിയ നിലയിൽ

തിരുവനന്തപുരം കോവളത്ത് ശക്തമായ തിരയിൽ നടപ്പാത തകർന്നു. ലക്ഷങ്ങൾ മുടക്കി നവീകരിച്ച നടപ്പാതയാണ് തകർന്നത്. നടപ്പാതയുടെ കൈവരിയും പൊട്ടിയ നിലയിലാണ്.

ജില്ലാ നേതാവിൻ്റെ മേൽവിലാസം മറയാക്കിവോട്ട് ചെയ്തു; ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റിനെതിരെ കെഎസ്‌യു

ജില്ലാ നേതാവിന്റെ മേൽവിലാസം മറയാക്കി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് ചേർത്തതിനെതിരെ കെഎസ്‌യു. തൃശൂർ കേരളവർമ്മ കോളേജിലെ അസി. പ്രൊഫസറായ ഡോ.വി ആതിരയുടെ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചേർത്തതിനെ ചൊല്ലിയാണ് പരാതി. അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിനാണ് കെഎസ്‌യു പരാതി നൽകിയത്

ജെയ്നമ്മ തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യൻ വീണ്ടും റിമാൻഡിൽ

ജെയ്‌നമ്മ തിരോധാന കേസിൽ പ്രതി സെബാസ്റ്റ്യൻ വീണ്ടും റിമാൻഡിൽ. ഈ മാസം 26 വരെയാണ് റിമാൻഡ് കാലാവധി. സെബാസ്റ്റ്യനെ ജില്ലാ ജയിലിലേക്ക് മാറ്റും. ജയിലിൽ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി നിർദേശം.

പാലക്കാട് അമിത വേഗത്തിലെത്തിയ ബസിടിച്ച് അപകടം; ബസ് തടഞ്ഞ് നാട്ടുകാർ

പാലക്കാട് അമിതവേഗതയിലെത്തിയ ബസ്, ബൈക്കിൽ ഇടിച്ച് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ബസ് ബൈക്കിൽ ഇടിച്ചത്. ബൈക്കിൽ സഞ്ചരിച്ച ഒരു കുട്ടിയടക്കം റോഡിലേക്ക് തെറിച്ചുവീണു. രാവിലെ 11:30 മണിയോടെയായിരുന്നു സംഭവം. ബസ് അമിതവേഗതയിലാണെന്ന് ആരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു.

മാസപ്പടി കേസ്: ഷോൺ ജോർജിന് തിരിച്ചടി

മാസപ്പടി കേസിൽ ബിജെപി നേതാവ് ഷോൺ ജോർജിന് തിരിച്ചടി. ഷോൺ ജോർജിന്റെ ഹർജി തള്ളി ഹൈക്കോടതി. സിഎംആർഎല്ലിൻ്റെ ഡയറിയുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് തള്ളിയത്

കോഴിക്കോടും വോട്ടർപട്ടിക ക്രമക്കേട് ആരോപണം

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും വോട്ടർപട്ടിക ക്രമക്കേട് ആരോപണം. കോർപ്പറേഷനിലെ മാറാട് ഡിവിഷനിൽ മാത്രം ഒരു കെട്ടിടത്തിൽ 327 വോട്ടർമാരെന്നും വോട്ടർപട്ടിക ക്രമക്കേട് സിപിഐഎം നിർദേശ പ്രകാരമെന്നും എം.കെ. മുനീർ ആരോപിച്ചു. വിവാദ കെട്ടിട നമ്പർ അനിത കുമാരി എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതെന്നും ഈ കെട്ടിടം വർഷങ്ങളായി സിപിഐഎം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കിന് വേണ്ടി നൽകിയതാണെന്നും എം. കെ മുനീർ പറഞ്ഞു.

വിഭജന ഭീതി ദിനം ആചരിച്ചാൽ നേരിടും: കെഎസ്‌യു

വിഭജന ഭീതി ദിനം ആചരിക്കാൻ കേരള, കെടിയു സർവകലാശാലകൾ പ്രിൻസിപ്പല്‍മാർക്ക് കത്ത് നൽകിയിട്ടുണ്ട്. പരിപാടി ഏതെങ്കിലും കോളേജുകളിൽ സംഘടിപ്പിച്ചാൽ നേരിടുമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.

ആർഎസ്എസ് വിഭാവനം ചെയ്യുന്ന അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാമെന്ന് ആരും കരുതേണ്ട. സംസ്ഥാന സർക്കാർ ഇത്തരം വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കെഎസ്‍യു വ്യക്തമാക്കി.

പെട്രോൾ പമ്പുകളിലെ ശുചിമുറി ആർക്ക് വേണമെങ്കിലും ഉപയോഗിക്കാം -ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശുചിമുറി ആർക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി.

സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമെ തടയാവൂ. അധികാരം സ്ഥാപിച്ച് ബോർഡ് സ്ഥാപിക്കരുതെന്ന് എതിർകക്ഷികളായ തൊടുപുഴ, തിരുവനന്തപുരം നഗരസഭകൾക്ക് കോടതി നിർദേശം നൽകി.

പെട്രോൾ ബങ്കിലെത്തുന്ന യാത്രക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഇവയെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അന്‍വർ വായ്പാ തട്ടിപ്പ് നടത്തി?

മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിജിലൻസ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി.വി. അൻവർ 12 കോടി രൂപയുടെ വായ്പയെടുത്തു തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2015ൽ എടുത്ത 12 കോടി രൂപ വായ്പ 22 കോടിയായെന്നും കെഎഫ്‌സിക്ക് ഭീമമായ നഷ്ടം വരുത്തിയെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തൽ.

കെഎഫ്‌സി വായ്പാ തട്ടിപ്പ്: അന്‍വറിനെതിരെ വിജിലന്‍സ് കേസ്

മലപ്പുറം കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെഎഫ്‍സി) വായ്പാ കട്ടിപ്പ് നടത്തിയതിന് നിലമ്പൂർ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വറിനെതിരെ വിജിലന്‍സ് കേസ്. നാലാം പ്രതിയാണ് അന്‍വർ.

കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കാം:

പിവി അൻവർ
കെഎഫ്‌സിയില്‍ നിന്ന് 12 കോടി രൂപ വായ്‌പ എടുത്തു, പക്ഷേ തിരിച്ചടച്ചില്ല; അൻവറിനെതിരെ വിജിലൻസ് കേസ്

കോഴിക്കോട് കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി

അസം സ്വദേശി പ്രസണ്‍ജിത്ത്
അസം സ്വദേശി പ്രസണ്‍ജിത്ത്

കോഴിക്കോട് ഫറോക്കിൽ കസ്റ്റഡിയിൽ എടുത്ത പ്രതി ചാടിപ്പോയി. അസം സ്വദേശി പ്രസൺജിത്ത് ആണ് ചാടിപ്പോയത്.

സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്ന കേസിലാണ് ഫറോക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കയ്യിൽ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി തെരച്ചിൽ തുടരുന്നു.

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ കുത്തി പരുക്കേല്‍പ്പിച്ചു

വിഴിഞ്ഞത്ത് ഓട്ടോ ഡ്രൈവറെ കുത്തി പരുക്കേല്‍പ്പച്ചു. കരയടിവിള സ്വദേശിയായ ദിലീപിനാണ് പരിക്കേറ്റത്.

അഹിൽ രാജ്, വിജയൻ എന്നിവരാണ് കുത്തിയത്. ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

News Malayalam 24x7
newsmalayalam.com