വീട് വാടകയ്ക്ക് നൽകുകയാണെന്ന് പറഞ്ഞ് തട്ടിപ്പ്; കോഴിക്കോട് അശോകപുരത്ത് 50ലധികം ആളുകളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി

ഇന്നത്തെ പ്രധാന വാർത്തകളറിയാം...
kozhikode
പരാതിക്കാരി ന്യൂസ് മലയാളത്തോട് സംസാരിക്കുന്നുSource: News Malayalam 24x7

കോഴിക്കോട് അശോകപുരത്ത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം

കോഴിക്കോട് അശോകപുരത്ത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി ആരോപണം. അശോകപുരം സ്വദേശി മെർലിനെതിരെയാണ് നാട്ടുകാരുടെ പരാതി. വീടുകൾ വാടകയ്ക്ക് നൽകുകയാണെന്ന് വിശ്വസിപ്പിച്ച് അൻപതിലധികം ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി.

"ബിജെപി അംഗത്വം എടുത്തെങ്കിൽ തുറന്ന് പറയണം"; മുഖ്യതെരത്തെടുപ്പ് ഓഫീസർക്കെതിരെ രാഹുൽ ഗാന്ധി

മുഖ്യതെരത്തെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ ബിജെപി അംഗത്വം എടുത്തിട്ടുണ്ടെങ്കിൽ തുറന്ന് പറയണം. കമ്മീഷൻ സ്വന്തം ജോലി സത്യസന്ധമായി ചെയ്തില്ലെങ്കിൽ നിയമ നടപടി ഉറപ്പാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കാസർഗോഡ് വിദ്യാർഥിയെ മർദിച്ച സംഭവം: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു

കാസർഗോഡ് കുണ്ടംകുഴിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോർട്ട് നൽകിയത്.

കത്ത് ചോർച്ച വിവാദത്തിൽ വിശദീകരണവുമായി രാജേഷ് കൃഷ്ണ

സിപിഐഎമ്മിലെ പരാതി കത്ത് ചോർച്ച വിവാദത്തിൽ വിശദീകരണവുമായി രാജേഷ് കൃഷ്ണ. മാനനഷ്ട കേസ് ഫയൽ ചെയ്തതിന്റെ പ്രതികാരമാണ് ഷർഷാദിന്റെ ആരോപണങ്ങളെന്ന് രാജേഷ് കൃഷ്ണ. ഏത് അന്വേഷത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റ്.

kozhikode
"ഒരു മഞ്ഞ പത്രക്കാരനുമായി ചേർന്ന് ഒരുവൻ എനിക്കെതിരെ ദുഷ്പ്രചരണം നടത്തിയപ്പോൾ..."; സിപിഐഎം കത്ത് ചോർച്ച വിവാദത്തിൽ രാജേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇടുക്കി ആനയിറങ്കലിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി. അതിഥി തൊഴിലാളിയായ യുവാവിനെ ആണ് കാണാതായത്. തോട്ടത്തിലെ ജോലികഴിഞ്ഞു വള്ളത്തിൽ മടങ്ങുന്നതിനിടയിൽ വള്ളം മറിഞ്ഞാണ് അപകടം. സംഭവസ്ഥലത്ത് ഫയർ ഫോഴ്സ് തെരച്ചിൽ നടത്തുന്നു.

പയ്യോളിയിൽ ഹോം ഗാർഡിനെ ബസ്സിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ച സംഭവം: ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട് പയ്യോളിയില്‍ ഹോം ഗാര്‍ഡിനെ ബസ്സിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ബസ് ജീവനക്കാർ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി സി.ബിജു, വിലങ്ങാട് സ്വദേശി കെ. ജയന്‍ എന്നിവരെ അറസ്റ്റിലായത്. ബസും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

"ഗാസയിലെ കൂട്ടക്കുരുതി ഇസ്രയേലിൻ്റെ ഭാവിക്ക് അനിവാര്യം"; ഇസ്രയേല്‍ മുന്‍ ഇൻ്റലിജന്‍സ് മേധാവിയുടെ ശബ്ദസന്ദേശം പുറത്ത്

ഗാസയിലെ കൂട്ടക്കുരുതി ഇസ്രയേലിന്‍റെ ഭാവിക്ക് അനിവാര്യമാണെന്ന് പറയുന്ന ഇസ്രയേല്‍ മുന്‍ ഇൻ്റലിജന്‍സ് മേധാവിയുടെ ശബ്ദസന്ദേശം പുറത്ത്. ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ ഇസ്രയേലിക്കും പകരം, 50 പലസ്തീനികള്‍ കൊല്ലപ്പെടണമെന്നും അത് കുട്ടികളായാലും പ്രശ്നമില്ലെന്നും മേജർ ജനറല്‍ അഹരോൺ ഹലിവ ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ചാനല്‍ 12 ന്യൂസ് എന്ന ഇസ്രയേൽ ചാനലാണ് ഓഡിയോ ക്ലിപ് പുറത്തുവിട്ടത്.

കോഴിക്കോട് കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു

കോഴിക്കോട് പെരുമണ്ണയിൽ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. വീടിൻ്റെ മേൽക്കൂരയിലെ ഓടുകളും ജനലുകളും വീട്ടുപകരണങ്ങളും തകർന്നിട്ടുണ്ട്.

കോഴിക്കോട് 155 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് വീണ്ടും ലഹരിവേട്ട. 155 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ഡാൻസാഫ് സംഘം പിടികൂടി. കോഴിക്കോട് പുല്ലങ്കുന്ന് സ്വദേശി ഷഹീദ് ഹുസൈൻ, ചാലിയം കപ്പലങ്ങാടി സ്വദേശി അബൂതാഹിർ എന്നിവരാണ് പിടിയിലായത്.

തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കൊച്ചിയിൽ സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകി പൊലീസ്

കൊച്ചിയിൽ തൊഴിൽ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ ട്രൈഡന്റ്സ് ഇമ്മിഗ്രേഷൻ എന്ന സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകി പൊലീസ്. ഇന്നലെയാണ് സ്ഥാപനം അടച്ചുപൂട്ടാൻ പാലാരിവട്ടം പൊലീസ് നോട്ടീസ് നൽകിയത്. ജോലിക്കായി വിസ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് സ്ഥാപനം പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയത്.

കാക്കനാട് ട്രാൻസ്ഫോർമർ റോഡിൽ വീണ് അപകടം

കൊച്ചി കാക്കനാട് കെഎസ്ഇബി സബ്‌സ്റ്റേഷനിലേക്ക് കൊണ്ടുപോയ ട്രാൻസ്‌ഫോർമർ റോഡിൽ വീണു. ട്രൈലെർ ലോറിയിൽ നിന്നും ട്രാൻസ്ഫോർമർ റോഡിലേക്ക് വീഴുകയായിരുന്നു. ഇൻഫോപാർക്ക് എക്സ്‌പ്രസ് വേയുടെ കവാടത്തിന് മുൻപിലാണ് അപകടം.

കനത്ത കാറ്റിൽ സ്കൂളിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു

മലപ്പുറത്ത് കനത്ത കാറ്റിൽ യുപി സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. കുഴിപ്പുറം ഗവൺമെൻറ് യുപി സ്കൂളിലാണ് സംഭവം. തലനാരിയിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.

തൃശൂർ മുൻ ജില്ലാ കളക്ടർക്കെതിരായ ആരോപണം വസ്തുതാ വിരുദ്ധമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തൃശൂർ മുൻ ജില്ലാ കലക്ടർ കൃഷ്ണ തേജയ്‌ക്കെതിരായ ആരോപണം വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരാണ് ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നത്. അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും ഇആർഒമാരുടെയും മേൽനോട്ടത്തിലാണ് ബിഎൽഒ പ്രവർത്തിക്കുകയെന്നുമാണ് രത്തൻ യു. കേൽക്കറിൻ്റെ പക്ഷം. ആരോപണം ഉന്നയിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

കേരള സർവകലാശാല യൂണിയൻ പ്രവർത്തന ഉദ്ഘാടനത്തിനെത്താതെ വിസി

കേരള സർവകലാശാല യൂണിയൻ പ്രവർത്തന ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. സ്ഥലത്ത് ഇല്ല എന്നാണ് മോഹനൻ കുന്നുമ്മൽ നൽകുന്ന വിശദീകരണം. അതേസമയം രജിസ്ട്രാർ കെ. എസ്, അനിൽകുമാർ പരിപാടിയിൽ പങ്കെടുക്കാനെത്തി.

സംവിധായകൻ നിസാർ അന്തരിച്ചു

സംവിധായകൻ നിസാർ അബ്ദുൽഖാദർ അന്തരിച്ചു. കരൾ, ശ്വാസസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സുദിനം, ത്രീ മെൻ ആർമി, ന്യൂസ് പേപ്പർ ബോയ്, കായംകുളം കണാരൻ, താളമേളം തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ നാളെയാണ് സംസ്ക്കാരം.

kozhikode
സംവിധായകന്‍ നിസാര്‍ അന്തരിച്ചു

"വേടന് മുൻകൂർ ജാമ്യം നൽകരുത്"; പരാതിക്കാരി ഹൈക്കോടതിയിൽ

ബലാത്സംഗ കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം നൽകരുത് എന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. വേടൻ സ്വാധീനശക്തി ഉള്ളയാളാണെന്നും കൂടുതൽ പരാതികൾ വേടനെതിരെ ഉയർന്നിട്ടുണ്ടെന്നും പരാതിക്കാരി അറിയിച്ചു. കരിയർ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നാണ് വേടൻ്റെ വാദിച്ചു. കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തിരുച്ചി ശിവ ഇന്‍ഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ?

ഡിഎംകെ എംപി തിരുച്ചി ശിവ എംപി ഇന്‍ഡ്യാ സഖ്യതച്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. തമിഴ്‌നാട്ടുകാരനായ സിപി രാധാകൃഷ്ണന്‍ ആണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

വയനാട് ചേകാടി ഗവ. എല്‍പി സ്‌കൂളില്‍ കാട്ടാനകുട്ടി

വയനാട് ചേകാടി ഗവ. എല്‍പി സ്‌കൂളില്‍ കാട്ടാനകുട്ടിയെത്തി. സ്‌കൂള്‍ വരാന്തയിലും മുറ്റത്തും ആന ചുറ്റിക്കറങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ പിടികൂടി കൊണ്ടുപോയത്. വിദ്യാര്‍ഥികള്‍ സ്‌കൂളിലുള്ള സമയത്തായിരുന്നു ആനയെത്തിയത്.

ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

സൗഹൃദം നിരസിച്ചതിന് യുവതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബേറ്

സൗഹൃദം നിരസിച്ചതിന് യുവതിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ യുവാക്കള്‍ പൊലീസ് പിടിയില്‍. പാലക്കാട് കുത്തന്നൂരില്‍ മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. കുത്തന്നൂര്‍ സ്വദേശിനിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ അഖില്‍, രാഹുല്‍ എന്നീ യുവാക്കളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

മ്യാന്‍മാറില്‍ പൊതു തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന്

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മ്യാന്മാറിലെ സൈനിക ഭരണകൂടം. 2021ലെ സൈനിക അട്ടിമറിക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ്. ഓങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് മത്സരിക്കാന്‍ അനുമതിയില്ല

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവര്‍ന്നു

കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി സുബൈദയുടെ രണ്ട് പവന്റെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ പുറകുവശത്തെ കതക് തകര്‍ത്താണ് മോഷണം നടത്തിയത്. മാല പൊട്ടിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് കഴുത്തിന് പരിക്കേറ്റു. ഫറോക്ക് പൊലീസില്‍ പരാതി നല്‍കി

വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം: വര്‍ഗീയ ചേരിതിരിവ് സമീപനം ആരെടുത്താലും ശരിയല്ല

വര്‍ഗീയ ചേരിതിരിവ് സമീപനം ആരെടുത്താലും ശരിയല്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. കേരള കോണ്‍ഗ്രസും കെ എം മാണിയും എസ്എന്‍ഡിപിയോട് അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാ സമുദായങ്ങളോടും തുല്യ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അഞ്ഞൂര്‍ ഏക്കര്‍ സ്ഥലം കുരിശിന്റെ വഴിക്കാര്‍ കൊണ്ടുപോയി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. ക്രൈസ്തവ സഭയ്ക്ക് നല്‍കിയ ഭൂമി 4 ഏക്കര്‍ മാത്രം. അതും കൊക്കയ്ക്ക് അടുത്തുള്ള ഉപയോഗ ശൂന്യമായ സ്ഥലമാണ്. എസ്എന്‍ഡിപിക്ക് മുരുകന്‍ മലയില്‍ ഭൂമി നല്‍കിയിട്ടുണ്ട്.

ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്

എസ്എന്‍ഡിപി യോഗം പ്രസിഡന്റ് അഡ്വ.സി.കെ വിദ്യാസാഗര്‍ ചെയര്‍മാനും മുന്‍ രാജ്യസഭാ എംപി സി.ഹരിദാസ്, എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് സയന്‍സിലെ പ്രൊഫസര്‍ ഡോ.രാജേഷ് കോമത്ത് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ശ്രീ നാരായണ ഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്‌ക്കാരമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുന്നോട്ടു വെക്കുന്നത് എന്ന് ജൂറി വിലയിരുത്തി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്

ബസ് കയറി രണ്ടാം ക്ലാസുകാരിയുടെ മരണം: അതിദാരുണമെന്ന് വിദ്യാഭ്യാസ മന്ത്രി

മദ്യം വാങ്ങാനെത്തിയ ആള്‍ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു

മദ്യം വാങ്ങാനെത്തിയ ആള്‍ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു. സംഭവം കൊട്ടാരക്കര കോര്‍പ്പറേഷനില്‍. ബിയര്‍കുപ്പി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലയ്ക്ക് പരിക്ക് പറ്റിയ മാനേജര്‍ ആശുപത്രിയില്‍.

ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പ്: ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാന്ദ്ര തോമസ്

സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സാന്ദ്ര തോമസ് മത്സരിക്കുന്നത് സെക്രട്ടറി സ്ഥാനത്തേക്ക്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ചു. ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു.

ആശമാരുടെ ആനുകൂല്യങ്ങള്‍ ഇടതു സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നു- എളമരം കരീം

സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ ആശമാരുടെ ആനുകൂല്യങ്ങല്‍ ഉറപ്പു വരുത്തുന്നതായി എളമരം കരീം. മറ്റു സംസ്ഥാങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീം വര്‍ക്കേഴ്‌സ് പദ്ധതിയില്‍ തൊഴിലാളി എന്ന നിര്‍വചനം വരുന്നില്ല.

പിശക് സംഭവിച്ചു 

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ ക്ലര്‍ക്കിന്റെ ജോലികള്‍ ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വകുപ്പിന്റെ ഉത്തരവില്‍ പിശക് സംഭവിച്ചിട്ടുണ്ട്. പ്രിന്‍സിപ്പാള്‍മാര്‍ അവരുടെ ജോലി മാത്രം ചെയ്താല്‍ മതിയെന്നും മന്ത്രിയുടെ നിര്‍ദ്ദേശം. എറണാകുളം വളയന്‍ചിറങ്ങര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ക്ലര്‍ക്ക് തസ്തിക ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ അപേക്ഷയിലായിരുന്നു വകുപ്പിന്റെ വിചിത്ര ഉത്തരവ്. മന്ത്രിയുടെ ഇടപെടല്‍ ന്യൂസ് മലയാളം വാര്‍ത്തയ്ക്ക് പിന്നാലെ.

education
ന്യൂസ് മലയാളം ഇംപാക്ട്News Malayalam 24x7

സഹോദരന് ഇരട്ട വോട്ട്: സുരേഷ് ഗോപി മറുപടി പറയണം- കെ. മുരളീധരന്‍

സഹോദരന് ഇരട്ടവോട്ടെന്ന ആരോപണത്തില്‍ സുരേഷ് ഗോപി മറുപടി പറയണമെന്ന് കെ മുരളീധരന്‍. വാനരന്മാര്‍ ആക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ല. ജനങ്ങളെയാണ് വാനരന്മാര്‍ എന്ന് പറഞ്ഞതെങ്കില്‍ ജനം തള്ളും.

മില്‍മ ബോട്ടില്‍ മില്‍ക്ക് ആരംഭിക്കുന്നു

മില്‍മ ബോട്ടില്‍ മില്‍ക്ക് ആരംഭിക്കുന്നു. ഒരു ലിറ്റര്‍ കൗ മില്‍ക്ക് ബോട്ടിലിന് 70 രൂപ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മാത്രം വിപണനം. വില്‍പ്പന നിരീക്ഷിച്ച് മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. ബോട്ടില്‍ മില്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം 19 ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

പാല്‍ വില വര്‍ധിപ്പിക്കും

പാല്‍ വില വര്‍ധിപ്പിക്കാന്‍കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്നുവെന്ന് കെസിഎംഎംഎഫ്. നേരിയ വര്‍ധന വേണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷനില്‍ കത്ത് അയച്ചിട്ടുണ്ട്. എത്ര വര്‍ധന ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. തീരുമാനം ഓണം കഴിഞ്ഞെന്ന് കെസിഎംഎംഎഫ് ചെയര്‍മാന്‍ മണി വിശ്വനാഥ് പറഞ്ഞു.

രാജ്യത്തെ എല്ലാവര്‍ക്കും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത പട്ടാള പരിശീലനം നല്‍കണമെന്ന് ഗവര്‍ണര്‍ അര്‍ലേക്കര്‍

രാജ്യത്തെ എല്ലാവര്‍ക്കും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത പട്ടാള പരിശീലനം നല്‍കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. അച്ചടക്കമുള്ള സമൂഹമാകാന്‍ ഇത് ആവശ്യം. ചില രാജ്യങ്ങള്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഇവിടെയും അതിന്റെ ആവശ്യമുണ്ട്. പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ വിരമിച്ച സൈനികര്‍ക്ക് ഒരുക്കിയ അനുമോദന ചടങ്ങില്‍ ആയിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

ദേശീയപാതയിലെ ബ്ലോക്ക്; റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രീം കോടതി

ദേശീയപാതയില്‍ ഇന്നലെ മാത്രം 12 മണിക്കൂറായിരുന്നു ബ്ലോക്കെന്ന് സുപ്രീംകോടതി. കുഴിയില്‍ വീണ് ലോറി കുടുങ്ങിയത് കാരണമായിരുന്നു കുരുക്കെന്നും സുപ്രീംകോടതി. റോഡിന്റെ അവസ്ഥ പരിതാപകരമെന്നും സുപ്രീംകോടതി. ഒരു മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യേണ്ട ദൂരമാണ് 12 മണിക്കൂര്‍ എടുക്കുന്നതെന്നും സുപ്രീം കോടതി. മോശം റോഡ് ഉപയോഗിക്കുന്നതിന് എന്തിന് ടോള്‍ നല്‍കണമെന്നും ചോദ്യം.

പി.കെ. ഫിറോസിന്റെ സഹോദരന്‍ പി.കെ. ബുജൈറിന്റെ ജാമ്യ ഹര്‍ജി; ബുധനാഴ്ച വിധി പറയും

ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈറിന്റെ ജാമ്യ ഹര്‍ജിയില്‍ ബുധനാഴ്ച വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയതിന് പിന്നലെയാണ് പി കെ ബുജൈര്‍ ജില്ലാ കോടതിയെ സമീപിച്ചത്.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കേടായ ഗുളികകള്‍ ലഭിച്ചെന്ന് പരാതി

പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ലഭിച്ചത് ഉപയോഗ ശൂന്യമായ മരുന്നുകളെന്ന് പരാതി. ആരോപണം കോഴിക്കോട് പെരുവയല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനെതിരെ. ഗുളികകള്‍ ഉള്ളത് പ്ലാസ്റ്റിക്കിന് സമാനമായ നിലയില്‍. മൂന്ന് സ്ട്രിപ്പിലെ 30 ഗുളികകള്‍ പൂര്‍ണമായും കേടായ നിലയില്‍.

എഞ്ചിന്‍ തകരാര്‍; പാലക്കാട് എറണാകുളം മെമു ചാലക്കുടി സ്റ്റേഷനില്‍ കുടുങ്ങി

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ചാലക്കുടിയില്‍ കുടുങ്ങി. പാലക്കാട് - എറണാകുളം മെമുവാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. എന്‍ജിന്റെ ബാറ്ററി ഡൗണ്‍ ആവുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു. ഒരു മണിക്കൂറിലേറെയായി ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്

ട്രെയിനില്‍ നിന്ന് വീണ യുവാവിന് ഗുരുതര പരിക്ക്

തൃശൂര്‍ വടക്കാഞ്ചേരിയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചു വീണ് യുവാവിന് ഗുരുതര പരിക്ക്. പുല്ലുകള്‍ക്കിടയില്‍ അവശനിലയില്‍ കിടന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ത്ത് ആശുപത്രിയിലേക്ക് മാറ്റി. വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപമാണ് യുവാവിനെ വീണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ട്രെയിന്റെ വാതിലിനു സമീപം യാത്ര ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതാകാമെന്നാണ് സംശയം. രാവിലെ 9.30-ഓടെയാണ് സംഭവം.

വോട്ട് ചോരി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സഭകളില്‍ പ്രതിഷേധം

വോട്ട് ചോരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണത്തിനെതിരെ ഇരു സഭകളിലും പ്രതിഷേധം. സഭയില്‍ ഇന്നും പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നുവെന്ന് അഖിലേഷ് യാദവ്.

സ്വകാര്യ ബസ്സുടമകള്‍ക്ക് താക്കീതുമായി ഗതാഗത മന്ത്രി

സ്വകാര്യ ബസ്സുകള്‍ പണിമുടക്കി സമരം ചെയ്താല്‍ കെഎസ്ആര്‍ടിസിയെ വെച്ച് നേരിടുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. 500 ലോക്കല്‍ ബസ്സുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും ഗതാഗത മന്ത്രിയുടെ വെല്ലുവിളി. രാമനിലയത്തില്‍ എത്തി ബസ് ഉടമകള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാല്‍ ഓണക്കാലത്ത് പണിമുടക്കും എന്നായിരുന്നു ബസ്സുടമകളുടെ നിലപാട്. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തത്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കം ആണ് നടക്കുന്നത്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനില്ലെന്നും മന്ത്രി.

മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ സിപിഐഎം

ടോമിന്‍ ജെ തച്ചങ്കരിയുടെ ഉമസ്ഥതയിലുള്ള റയാന്‍ സ്റ്റുഡിയോയിലെ നിര്‍മാണം അനധികൃതമെന്ന് സിപിഐഎം. കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നത്. ശുചിമുറി മാലിന്യങ്ങള്‍ പൊതുനിരത്തിലേക്ക് ഒഴുക്കുന്നു എന്നും ആരോപണം.

''ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നു''

സര്‍ക്കാര്‍ ആത്മാര്‍ഥമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. നാല് മാസമായി സംസ്ഥാനത്ത് നല്ല മഴ തുടരുന്നു. കാലാവസ്ഥ നിര്‍മാണത്തെ ബാധിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കണമെന്ന ജനങ്ങളുടെ വികാരത്തിനൊപ്പമാണ് സര്‍ക്കാര്‍ എന്നും ഷംസീര്‍.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെൻ്റ് നീക്കം

kozhikode
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെൻ്റ് നീക്കം; സുപ്രധാന തീരുമാനവുമായി ഇൻഡ്യാ മുന്നണി

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ: പ്രതി റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

kozhikode
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ: പ്രതി റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വാഹനാപകടത്തിൽ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്. സ്കൂട്ടർ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിതാവിനെപ്പം സ്കൂളിൽ പോകുന്നതിനിടെയാണ് അപകടം.

"കത്ത് വിവാദത്തിൽ യാഥാർത്ഥ്യം തെളിയിക്കേണ്ട ഉത്തരവാദിത്തം സിപിഐഎമ്മിന്"

കത്ത് വിവാദത്തിൽ യാഥാർത്ഥ്യം എന്തെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സിപിഎം നേതാക്കൾക്ക് ഉണ്ടെന്ന് വി. എം. സുധീരൻ. കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ സിപിഐഎം തന്നെ തയ്യാറാകണം. പാർലമെൻ്ററി രാഷ്ട്രീയത്തിലേക്കില്ല എന്നത് തന്നെയാണ് നിലപാട്. അതിൽ മാറ്റമില്ലെന്നും സുധീരൻ പറഞ്ഞു.

താമരശേരിയിൽ ബസ് ജീവനക്കാരെ മർദിച്ചതായി പരാതി

കോഴിക്കോട് താമരശേരിയിൽ ബസ് ജീവനക്കാരെ മർദിച്ചതായി പരാതി. സമയത്തെ ചൊല്ലിയുള്ള തർക്കത്തമാണ് മർദനത്തിൽ കലാശിച്ചത്. മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാർ മർദിച്ചത്. മർദനത്തിനിടെ കണ്ടക്ടറുടെ ബാഗിൽ ഉണ്ടായിരുന്ന പണം പുറത്തേക്ക് ചിതറി പോയതായും പരാതിയുണ്ട്. ബസ് ജീവനക്കാരനായ ഈങ്ങാപ്പുഴ സ്വദേശി നിയാസിനാണ് മർദനത്തിൽ പരിക്കേറ്റത്. ഇയാൾ താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മർദനമേറ്റ ബസ് ജീവനക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദി ശുഭാൻശു ശുക്ല കൂടിക്കാഴ്ച ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് ഇരുവരും കാണുമെന്ന് റിപ്പോർട്ട്.

കൊടിസുനിയെ ജയിൽ മാറ്റി

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടിസുനിയെ ജയിൽ മാറ്റി. തവന്നൂർ ജയിലിലേക്കാണ് സുനിയെ മാറ്റിയത്. ഇന്നലെ വൈകിട്ടായിരുന്നു കണ്ണൂരിൽ നിന്നുള്ള കൊടി സുനിയുടെ ജയിൽ മാറ്റം.

അട്ടപ്പാടിയിൽ പുഴയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

പാലക്കാട്‌ അട്ടപ്പാടിയിൽ പുഴയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ചീരക്കടവ് ഊരിനോട് ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 15 നു ഒഴുക്കിൽ പെട്ട കോയമ്പത്തൂർ സ്വദേശികളായ പ്രദീപ്‌ രാജ്, ഭൂപതി രാജ് എന്നിവരുടെ മൃതദേഹമെന്ന് സംശയം.

സ്കൂൾ ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം മലമുകൾ സെൻ്റ് ശാന്താൾ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ബസ് മറിഞ്ഞ് അപകടം. 23 വിദ്യാർഥികൾ ബസിൽ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

മദ്യപിച്ച് വാഹനം ഓടിച്ച 17 ഡ്രൈവർമാർ പിടിയിൽ

കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ഡ്രൈവർമാർ പിടിയിൽ. നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ച് സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറുമാണ് പിടിയിലായത്.

കാർ കണ്ടെത്തി

നാദാപുരത്ത് കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ നാദാപുരം പൊലീസ് കണ്ടെത്തി. നാദാപുരം ഇരിങ്ങണ്ണൂർ-കല്ലാച്ചേരി കടവ് റോഡിലാണ് സംഭവം നടന്നത്. പാനൂർ സ്വദേശി ശിഹാബുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് പൊലീസ് പിടികൂടിയത്. കാറിടിച്ചതിനെ തുടർന്ന്തോളെല്ലിന് പരിക്കേറ്റ പ്രദേശവാസി വേണു ചികിത്സയിൽ തുടരുകയാണ്.

നാലര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

മരടിൽ താമസിക്കുന്ന നാലര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മരട് സ്വദേശി സെബാസ്റ്റ്യനെയാണ് (53) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് സംഭവം. മൊബൈൽ ഫോൺ കാണിച്ച് കുട്ടിയെ വിളിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് റോഡിലൂടെ പോയ ആൾ കാണുകയും നാട്ടുകാർ പിടി കൂടി പൊലീസിനെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.

"കൈ പുസ്തകത്തിലെ കരടിലാണെങ്കിൽ പോലും തെറ്റ് വരാൻ പാടില്ല"

എസ്‌സിഇആർടി കൈ പുസ്തകത്തിലെ പിഴവിൽ ചരിത്രപരമായ പിശക് സംഭവിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കരടിലാണെങ്കിൽ പോലും തെറ്റ് വരാൻ പാടില്ലാത്തതാണ്ഈ ഭാഗം രചിച്ച അധ്യാപകരെ പാഠപുസ്തക സമിതിയിൽ നിന്നും ഡിബാർ ചെയ്തുവെന്ന് മന്ത്രി അറിയിച്ചു.

കോഴിക്കോട് 23കാരി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട് തൂണേരിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നാദാപുരം തൂണേരി സ്വദേശിനി ഫാത്തിമത്ത് സന (23) യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

"സുരേഷ് ഗോപിയെ വേണമെങ്കിൽ വേറെ പേര് വിളിക്കാം, താൻ വിളിക്കുന്നില്ല എന്നേയുള്ളൂ"

സുരേഷ് ഗോപിയെ വേണമെങ്കിൽ വേറെ പേര് വിളിക്കാം, താൻ വിളിക്കുന്നില്ല എന്നേയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആക്ഷേങ്ങൾക്ക് ഇപ്പോഴും സുരേഷ് ഗോപി മറുപടി പറഞ്ഞിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

10ാം ക്ലാസുകാരൻ്റെ കർണപുടം തകർത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു 

കാസർഗോഡ് അസംബ്ലി സമയത്ത് ചരൽ തെറിപ്പിച്ചു എന്നാരോപിച്ച് അധ്യാപകൻ 10ാം ക്ലാസുകാരൻ്റെ കർണപുടം തകർത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. കാസർഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണ ചുമതല.

കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി കമ്പിയിൽ തട്ടി അഞ്ച് മരണം 

തെലങ്കാനയിലെ രാമന്തപൂരിൽ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി കമ്പിയിൽ തട്ടി അഞ്ച് മരണം. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു.

കോതമംഗലം ജീപ്പിനു നേരേ പാഞ്ഞടുത്ത് കാട്ടാന

കോതമംഗലം - കുട്ടമ്പുഴയിൽ ജനപ്രതിനിധികളും ബന്ധുക്കളുമടക്കം സഞ്ചരിച്ച ജീപ്പിനു നേരേ കാട്ടാന പാഞ്ഞടുത്തു. ഞായറാഴ്ച വൈകീട്ട് പന്തപ്ര കൂട്ടിക്കുളം പാലത്തിനു സമീപത്തുവെച്ചാണ് സംഭവം. കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒമ്പതോളം ആനകൾ ഉണ്ടായിരുന്നു.

മാമലകണ്ടം സ്വദേശികളായ വൈസ് പ്രസിഡൻ്റ് സൽമ പരീത്, പഞ്ചായത്തംഗം ശ്രീജ ബിജു, ബന്ധുക്കളും ഡ്രൈവറും സഹായിയുമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആനയെ കണ്ട് ജീപ്പ് മാറ്റി നിർത്തിയിട്ടും ആനക്കൂട്ടം ജീപ്പിനുനേരേ പാഞ്ഞടക്കുകയായിരുന്നു.

തിരൂരങ്ങാടിയിൽ നിന്ന് രണ്ട് കോടി രൂപ കവർന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം തിരൂരങ്ങാടി മേലേപ്പുറത്ത് കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ പണവുമായി രക്ഷപ്പെട്ടു പോകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ പണമാണ് കവർന്നത്. കൊടിഞ്ഞിയിൽ നിന്ന് പണവുമായി താനൂർ ഭാഗത്തേക്ക് പോവുമ്പോൾ നന്നമ്പ്ര മേലേപ്പുറത്ത് നിന്നാണ് പണം കവർന്നത്. പ്രതികളെ ഇത് വരെ പിടികൂടാനായിട്ടില്ല.

തിരുമുല്ലാവാരത്തിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞു

കൊല്ലം തിരുമുല്ലാവാരത്തിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞു.സുനിൽ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള പമ്പ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ 17 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. പരിക്കേറ്റ 4 പേരെ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രതിപക്ഷ പിന്തുണ തേടി എൻഡിഎ

എൻഡിഎ സ്ഥാനാർഥി സി. പി. രാധാകൃഷ്ണന് പ്രതിപക്ഷ പിന്തുണ തേടി രാജ്‌നാഥ് സിങ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സംസാരിച്ചതായി റിപ്പോർട്ട്.

പൂജപ്പുരയിൽ ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിൽ മോഷണം

പൂജപ്പുരയിൽ ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിൽ മോഷണം. 4 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ടപ്പെട്ടത്.

ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം

ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം. ചീരാൽ നോർത്ത് വെള്ളച്ചാലിലെ അരവിന്ദൻ്റെ വളർത്തു നായയെ പുലി കൊണ്ടുപോയി. പുലർച്ചെ മൂന്നരയോടെയാണ് സംഭവം.

ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ട് നോക്കിയപ്പോൾ പുലി നായയെ വലിച്ചു കൊണ്ടു പോകുന്നതാണ് കണ്ടത്. ഇന്നലെ വെള്ളച്ചാലിൽ പുലി കോഴികളെ കൊന്നിരുന്നു.

കളമശേരി തേവയ്ക്കലിൽ മണ്ണ് ഇടിഞ്ഞു

കളമശേരി തേവയ്ക്കലിൽ മണ്ണ് ഇടിഞ്ഞു. തേവയ്ക്കൽ സ്വദേശി മാർട്ടിൻ്റെ വീടിൻ്റെ അടുക്കള ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. അടുത്തടുത്തായി മൂന്ന് വീടുകളാണ് ഉള്ളത്. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം.

Rain
തേവയ്ക്കലിൽ മണ്ണ് ഇടിഞ്ഞുSource: News Malayalam 24x7

ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എൻ. പ്രശാന്ത്

ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എൻ. പ്രശാന്ത് ഐഎഎസ്. പാസ്പോർട്ട് പുതുക്കാനുള്ള എൻഒസി നൽകിയില്ലെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്. ജയതിലകിൻ്റേത് ബ്യൂറോക്രസി കളിയല്ല, ക്രിമിനൽ മനസ്സോടുകൂടിയ ഉപദ്രവമാണ്. അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാത്തത് ചട്ടലംഘനമാണ് എന്നും പ്രശാന്ത് പറഞ്ഞു.

തനിക്കെതിരെയുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരും. സമൂഹ്യമാധ്യമത്തിലൂടെയാണ് ചീഫ് സെക്രട്ടറിക്ക് എതിരായ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ പാർട്ട് ടൈം പിഎച്ച്ഡി ഗവേഷണത്തിനായുള്ള അപേക്ഷയ്ക്കും എൻഒസി നൽകിയിട്ടില്ല

കോഴിക്കോട് കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊട്ടി അപകടം 

കോഴിക്കോട് ചാത്തമംഗലത്ത് കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊട്ടി അപകടം. 50000 ലിറ്റർ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കാണ് പൊട്ടിയത്. ടാങ്ക് പൊട്ടിയതിന് പിന്നാലെ സമീപത്തെ വീടുകളിലേക്ക് ചെളിയും മണ്ണും കയറി. സൈദ് മുഹമ്മദ് എന്നയാളുടെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് നശിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ക്ലർക്കിൻ്റെ ജോലികൾ കൂടി ചെയ്യണം

ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ക്ലർക്കിൻ്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. സർക്കാർ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്നാണ് വിശദീകരണം. ക്ലറിക്കൽ ജോലികൾ കൂടി ചെയ്യാനാണ് പ്രിൻസിപ്പാളിന് അധ്യാപനം ആഴ്ചയിൽ എട്ട് പീരിയഡായി ചുരുക്കി നിശ്ചയിച്ചതെന്നും ഉത്തരവിൽ പറയുന്നു.

ട്രംപ്-സെലൻസ്‌കി നിർണായക കൂടിക്കാഴ്ച ഇന്ന്

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയുടെയും നിർണായക കൂടിക്കാഴ്ച ഇന്ന് വൈറ്റ് ഹൗസിൽ വച്ച് നടക്കും.

യുക്രെയ്നിലെ സ്ഥലങ്ങൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തേക്കും. അതേസമയം ചർച്ചയിലേക്ക് യൂറോപ്യൻ നേതാക്കൾക്കും ക്ഷണമുണ്ട്.

ടി. എൻ. പ്രതാപൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

വോട്ടുചോരി വിവാദത്തിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് ടി. എൻ. പ്രതാപൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയ്ക്ക് നൽകിയ പരാതിയിൽ തൃശൂർ എസിപി ആയിരിക്കും പ്രതാപൻ്റെ മൊഴി രേഖപ്പെടുത്തുക.

ഓണപരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപരീക്ഷകൾ ഇന്ന് തുടങ്ങും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് പരീക്ഷ ആരംഭിക്കുന്നത്. എൽ പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 26 നും ഹയർ സെക്കൻഡറിയ്ക്ക് 27 നും പരീക്ഷകൾ അവസാനിക്കും.

ഈ ദിനങ്ങളിൽ അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ ആ പരീക്ഷകൾ 29 ന് നടത്തും. ഒന്ന്, രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധിയില്ല. കുട്ടികൾ എഴുതിക്കഴിയുന്ന മുറക്ക് പേപ്പറുകൾ തിരികെ വാങ്ങും. മറ്റു ക്ലാസുകളിൽ രണ്ട് മണിക്കൂറാണ് സമയപരിധി. ചോദ്യപേപ്പറുകൾ ചോരാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.

അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിയാൽ

കൊച്ചി എയർപോർട്ടിൽ വിമാനം തെന്നിമാറിയതിന് പിന്നാലെ പ്രതികരണവുമായി സിയാൽ. അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് സിയാൽ അറിയിക്കുന്നത്. ഇന്നലെ രാത്രി പത്തരയ്ക്ക് പുറപ്പെട്ട കൊച്ചി-ഡൽഹി വിമാനം ടേക്ക് ഓഫിനിടെ തിരിച്ചിറക്കിയിരുന്നു. വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതാണെന്ന് വിമാനത്തിലുണ്ടായിരുന്ന ഹൈബി ഈഡൻ എംപി പറഞ്ഞിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി പുലർച്ചെ രണ്ടേ മുക്കാലോടെയാണ് യാത്ര ആരംഭിച്ചത്.

ആലുവയിൽ വൻ ലഹരിവേട്ട

ആലുവയിൽ വൻ ലഹരിവേട്ട. എക്സൈസ് സംഘത്തിൻ്റെ പരിശോധനയിൽ 50 ലക്ഷത്തിൻ്റെ മയക്കുമരുന്ന് പിടികൂടി. അസം സ്വദേശി മഗ്ബുൾ ഹുസൈനിൽ നിന്ന് 158 ഗ്രാം ഹെറോയിനാണ് പിടികൂടിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ധർമസ്ഥലയിൽ കുഴിച്ചുള്ള പരിശോധന അവസാനിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം

ധർമസ്ഥലയിൽ കുഴിച്ചുള്ള പരിശോധന അവസാനിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഇതുവരെ ലഭിച്ച അസ്ഥിഭാഗങ്ങളുടെ ഫോറൻസ് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളെടുക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. മഞ്ഞ റേഷൻകാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിറ്റുകൾ ലഭിക്കും. 14 ഇനം ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക

കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വര ജാഗ്രത

കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വര ജാഗ്രത മുന്നറിപ്പ് പുറപ്പെടുവിച്ചു. രോഗ ബാധ സ്ഥിരീകരിച്ച തലക്കുളത്തൂർ സ്വദേശിയുടെ രോഗ ഉറവിടം കണ്ടെത്താൻ ശ്രമം നടക്കുകയാണ്. താമരശ്ശേരിയിൽ മരിച്ച കുട്ടി നീന്തൽ പഠിച്ച കുളത്തിൽ ആരും ഇറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസ് നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വോട്ടർ അധികാർ യാത്ര രണ്ടാം ദിവസത്തിലേക്ക്

ബിഹാറിൽ ആരംഭിച്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടർ അധികാർ യാത്ര രണ്ടാം ദിവസത്തിലേക്ക്. ഇന്ന് ഔറംഗബാദ്, ദിയോ, ഗുരാരു എന്നിവിടങ്ങളിലാണ് ഇന്ന് പര്യടനം നടത്തുന്നത്.

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും

വടക്കൻ കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

News Malayalam 24x7
newsmalayalam.com