
തൃശൂർ വോട്ട് ചോരി വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ എൽഡിഎഫ്. വോട്ട് ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും കമ്മീഷൻ നടപടിയെടുത്തില്ല. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ വെള്ള പൂശാനും ന്യായീകരിക്കാനുമാണ് കമ്മീഷന ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.പി. രാജേന്ദ്രൻ പറഞ്ഞു.
പരാതി സ്വീകരിച്ച കമ്മീഷൻ മൊഴിയെടുപ്പ് നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. പരാതി സ്വീകരിച്ചതിന് രേഖകളുണ്ടെന്നും, പരാതി നൽകിയില്ലെന്ന് തെറ്റിദ്ധരിപ്പിക്കാൻ കമ്മീഷൻ ശ്രമിക്കുന്നെന്നും കെ.പി. രാജേന്ദ്രൻ ആരോപിച്ചു.
തൃശൂരിലെ വോട്ട് ചോരി വിവാദത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്. കോട്ടയം സ്വദേശിയും സുരേഷ് ഗോപിയുടെ അനുജൻ സുഭാഷ് ഗോപിക്കും, അനുയായി ബിജു പുളിക്കകണ്ടത്തിലിനും ഭാര്യക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തി. അനുയായിക്കും ഭാര്യയ്ക്കും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് പാലായിലും, പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് തൃശൂരിലുമാണ് ഉള്ളതെന്ന് കണ്ടെത്തൽ.